ദി ഗ്രേറ്റ് ഫാദര്‍ തിയേറ്ററിലെത്തുന്ന ആഹ്ലാദത്തിലാണ് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം.വിജയന്‍. മമ്മൂട്ടിയോട് കോര്‍ക്കുന്ന വില്ലന്‍ റോളാണ് വിജയന്റേത്. ഡേവിഡ് നൈനാന്‍ എന്ന നായകന്റെ കുട്ടിയെ തട്ടികൊണ്ടുപോകാനെത്തുന്ന ആന്റോ എന്ന കഥാപാത്രത്തെയാണ് വിജയന്‍ അവതരിപ്പിക്കുന്നത്.
ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മറ്റൊരാളെ വച്ചാണ് വിജയന്റെ കഥാപാത്രത്തിന് ഡബ്ബിങ്ങ് നടത്തിയത്. വിജയന്റെ ശബ്ദത്തിന് കനം കൂടുതലായതിനാല്‍ കഥാപാത്രത്തിന് മറ്റൊരാള്‍ ശബ്ദം നല്‍കിയാല്‍ മതിയെന്ന് അണിയറയിലുള്ളവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, അവസാനം ഡബ്ബിങ്ങിനെത്തിയ മമ്മൂട്ടി വിജയന്റെ ശബ്ദമല്ല കഥാപാത്രത്തിന് നല്‍കിയതെന്ന് തിരിച്ചറിയുകയും ആന്റോയെന്ന വില്ലന്റെ ബോഡിലാംഗ്വേജിന് വിജയന്റെ തന്നെ ശബ്ദമാണ് ചേരുകയെന്നും പറഞ്ഞു. വിജയന്റെ കഥാപാത്രത്തിന് മറ്റൊരാള്‍ ശബ്ദം നല്‍കിയതിന്റെ അതൃപ്തി മമ്മൂട്ടി സംവിധായകനെ അറിയിച്ചു. മമ്മൂട്ടിയുടെ അഭിപ്രായം കണക്കിലെടുത്താണ് സംവിധായകന്‍ ഹനീഫ് അദേനി ഡബ്ബിങ്ങിനായി തന്നെ വിളിച്ചതെന്ന് വിജയന്‍ പറഞ്ഞു.
''ഗ്രേറ്റ് ഫാദറിന്റെ സെറ്റിലെ ഇടവേളകളില്‍ മമ്മൂട്ടിയുമായി ഒരുപാട് നേരം സംസാരിച്ചിരിക്കുമായിരുന്നു, അതുകൊണ്ടുതന്നെയാകും എന്റെ ശബ്ദം അദ്ദേഹത്തിന് പെട്ടെന്ന് തിരിച്ചറിയാനായത്. മമ്മൂട്ടിയെപോലൊരു നടന്‍ എന്റെ കഥാപാത്രത്തിന് ഞാന്‍ തന്നെ ഡബ്ബ് ചെയ്താല്‍ നന്നാകും എന്നുപറഞ്ഞുകേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നി''- വിജയന്‍ കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയോടൊപ്പമുള്ള തന്റെ ആദ്യ അഭിനയം കാണാന്‍ വിജയന്‍ ഭാര്യയേയും കൂട്ടിയാണ് കൊച്ചിയിലെ സ്റ്റുഡിയോയില്‍ ഡബ്ബിങ്ങിനെത്തിയത്. ചുരുക്കം ചില രംഗങ്ങള്‍ മാത്രമാണ് സിനിമയുള്ളതെങ്കിലും അവയെല്ലാം മമ്മൂട്ടിക്കൊപ്പമായതിന്റെ സന്തോഷത്തിലായിരുന്നു വിജയന്‍.
കളിക്കൊപ്പം വെള്ളിത്തിരയിലും സാന്നിധ്യമറിയച്ച ഐ.എം.വിജയന്‍ ആദ്യമായാണ് ഒരു മമ്മൂട്ടിചിത്രത്തില്‍ അഭിനയിക്കുന്നത്.
മമ്മൂട്ടിയുടെ വില്ലനായാണ് ചിത്രത്തില്‍ അഭിനയിക്കേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ആദ്യം പരിഭ്രമമാണ് തോന്നിയതെന്ന് വിജയന്‍ പറഞ്ഞു. സ്വന്തം നാടായ തൃശ്ശൂരിലെ ഹൈവേയില്‍വച്ചാണ് മമ്മൂട്ടിക്കൊപ്പമുള്ള ഡ്രൈവിങ്ങ് സീനുകള്‍ ചിത്രീകരിച്ചത്.
''പന്തുകളി ഓരാവേശമായി ഞെരുമ്പുകളിലേക്ക് പടരുന്നകാലത്തുതന്നെ സിനിമയും ഒരത്ഭുതമായിരുന്നു, മമ്മൂക്കക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരുഭാഗ്യമായാണ് കണക്കാക്കുന്നത്. തോളില്‍തട്ടി അദ്ദേഹത്തെ പുച്ഛിച്ചു ഡയലോഗുപറയുന്ന രംഗം ഏറെ പണിപ്പെട്ടാണ് പകര്‍ത്തിയത്. തോളില്‍ തട്ടുന്ന രംഗം പലതവണ എടുത്തിട്ടും ശരിയായില്ല ഒടുക്കം ആ സീന്‍ ഒഴിവാക്കിതരുമൊയെന്നുവരെ ഞാന്‍ സംവിധായകനോട് ചോദിച്ചു. പക്ഷെ മമ്മൂക്ക വിട്ടില്ല അങ്ങിനെ തന്നെ ചെയ്യണമെന്ന അദ്ദേഹം നിര്‍ബന്ധിക്കുകയായിരുന്നു''
ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ശാന്തത്തിലെ അഭിനയമാണ് വിജയനെ വെള്ളിത്തിരയില്‍ ശ്രദ്ധേയനാക്കിയത്. വില്ലന്‍വേഷങ്ങളില്‍ മടികൂടാതെ അഭിനയിക്കാനുറപ്പിച്ചതോടെ തമിഴകത്തുനിന്നും കൂടുതല്‍ സിനിമകളെത്തി.2015-ല്‍പുറത്തിറങ്ങിയ തമിഴ് ചിത്രം കാര്‍ത്തിയുടെ കൊമ്പനില്‍ വിജയന്‍ അവതരിപ്പിച്ച വില്ലന്‍ മുത്തുകാളെയുടെ വേഷം കോളിവുഡില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള കൊമ്പനില്‍ കൊലപാതകിയായ മുത്തുകാളെയുടെ വേഷം ചിത്രത്തിനുതന്നെ മുതല്‍കൂട്ടായിരുന്നു.മഹാസമുദ്രമെന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും വിജയന്‍ അഭിനയിച്ചിട്ടുണ്ട്.
അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിന് ശേഷം ഓഗസ്റ്റ് സിനിമ ബാനറില്‍ പൃഥ്വിരാജ്,ആര്യ,ഷാജി നടേശന്‍,സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. സ്നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. തമിഴ് നടന്‍ ആര്യ ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.ചിത്രം മാര്‍ച്ച് 30ന് തിയേറ്ററിലെത്തും.