അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെ ജീവിതം സിനിമയാകുന്നു. എൻ.പി. ഉല്ലേഖ് എഴുതിയ 'ദി അണ്‍ടോള്‍ഡ് വാജ്‌പെയി' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അമാഷ് ഫിലിംസിന്‍റെ ബാനറിൽ ശിവ ശര്‍മ്മയും ശീഷാന്‍ അഹമ്മദും ദ അണ്‍ടോള്‍ഡ് വാജ്‌പെയി സിനിമയാക്കുന്നതിനുള്ള പകര്‍പ്പാവകാശം സ്വന്തമാക്കിയിട്ടുണ്ട്.
ഇത് തന്റെ സ്വപ്നപദ്ധതികളില്‍ ഒന്നാണെന്നും അറിയപ്പെടാത്ത ഈ ഹീറോയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശര്‍മ്മ പ്രതികരിച്ചു.
"വാജ്‌പേയ് യഥാര്‍ഥത്തില്‍ ആരാണെന്ന് അധികമാരും മനസിലാക്കിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഈ പുസ്തകം വായിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പ്രത്യേകതകളും പ്രധാനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം ചെയ്തിരുന്ന കാര്യങ്ങളും മനസിലാക്കാന്‍ എനിക്ക് സാധിച്ചു. ഇത്തരത്തില്‍ ആരാലും പറഞ്ഞു കേട്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ പ്രത്യേകതകളാണ് അദ്ദേഹത്തെക്കുറിച്ച് സിനിമ എടുക്കാനും അത് വഴി മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാനും എന്നെ പ്രേരിപ്പിക്കുന്നത്." ശര്‍മ്മ വ്യക്തമാക്കി
ആരായിരിക്കും വാജ്‌പെയിയായി അഭിനയിക്കുകയെന്നതോ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
വാജ്‌പെയിയുടെ കുട്ടിക്കാലം, കോളേജ് ജീവിതം, രാഷ്ട്രീയ ജീവിതം, പ്രധാനമന്ത്രിയായിട്ടുള്ള കാലം തുടങ്ങിയവയാണ് ചിത്രത്തില്‍ പ്രതിപാദിക്കുക. 2018 ഓഗസ്റ്റ് 16നായിരുന്നു വാജ്‌പെയി അന്തരിച്ചത്.
Content Highlights : The life story of former Prime Minister Atal Bihari Vajpayee to hit the big screen