മീ ടൂ കാമ്പയിനുമായി ബന്ധപ്പെട്ട് തനുശ്രീ ദത്തയും രാഖി സാവന്തും തമ്മിലുള്ള കൊമ്പുകോർക്കൽ അവസാനിക്കുന്ന മട്ടില്ല. ഒരു ഗുസ്തിക്കാരിയുടെ ഇടിയേറ്റ് രാഖി വീണിട്ടും തനുശ്രീയുടെ അരിശം തീരുന്നില്ല. രാഖിക്കുവേണ്ടി പ്രാർഥിച്ചവരോടും എന്തിനേറെ സാക്ഷാൽ യേശുക്രിസ്തുവിനോട് വരെ അരിശത്തിലാണ് തനുശ്രീ.
താൻ ലൈംഗികാരോപണം ഉന്നയിച്ച നാനാ പടേക്കറെ രാഖി പിന്തുണച്ചതാണ് തനുശ്രീയെ ചൊടിപ്പിച്ചത്. രാഖിക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കുക വരെ ചെയ്തു തനുശ്രീ. കഴിഞ്ഞ ദിവസം ഒരു ഗുസ്തിതാരം ഇടിച്ചിട്ടതിന് രാഖി തനുശ്രീയെയാണ് പഴിച്ചത്.
ഇപ്പോള്‍ രാഖി കാരണം തനിക്ക് യേശുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറയുകയാണ് തനുശ്രീ. വാര്‍ത്താക്കുറിപ്പിലാണ് തനുശ്രീ ഇക്കാര്യം വ്യക്തമാക്കിയത്. ഇടികൊണ്ട് കിടക്കുന്ന രാഖിയെ സുവിശേഷ പ്രവർത്തകർ പ്രാര്‍ഥനകള്‍ കൊണ്ട് ശുശ്രൂഷിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിറകെയാണ് വാര്‍ത്താക്കുറിപ്പുമായി തനുശ്രീ രംഗത്ത് വന്നത്
തനുശ്രീയുടെ വാര്‍ത്താക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍
ഇന്ന് എന്റെ വിശ്വാസം മുറിപ്പെട്ടു. 2009-ലാണ് യേശുവിനൊപ്പം എന്റെ ആത്മീയയാത്ര ആരംഭിക്കുന്നത്. യേശുവില്‍ ഞാനെന്നും വിശ്വസിച്ചിരുന്നു. ആത്മീയമായ കാഴ്ച്ചപ്പാടുണ്ടായിരുന്നെങ്കിലും ഞാനൊരിക്കലും മതപരമായ ജീവിതം നയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ എന്നും പുതിയത് എന്തെങ്കിലും പഠിക്കാനുണ്ടെങ്കില്‍ ഞാന്‍ അത് കണ്ടെത്തുമായിരുന്നു. ദൈവം എന്നെ സ്‌നേഹിച്ചിരുന്നുവെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അതുപോലെ യേശു എന്നെ സ്‌നേഹിച്ചിരുന്നു എന്നും.
ഇന്ന് രാഖിയെ പോലെ കള്ളത്തരം കാണിക്കുന്ന ഒരാളുടെ മുറിവുകള്‍ ഭേദമാകാന്‍ പുരോഹിതന്മാർ പ്രാര്‍ഥിക്കുന്നത് കണ്ടു. കള്ളം പറയുന്നതിന് അവളെ താക്കീത് ചെയ്യാന്‍ അവര്‍ക്കാവുമായിരുന്നില്ലേ? ഒരാളോട് വിരോധമുണ്ട് എന്നതുകൊണ്ട് മാത്രം അയാള്‍ക്കെതിരേ ഭീകരമായ കാര്യങ്ങള്‍ പറയുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നതാണോ നിങ്ങളെ പള്ളിയില്‍ പഠിപ്പിക്കുന്നത്?
നിങ്ങളുടെ ലാഭത്തിന് വേണ്ടി മറ്റുള്ളവരെക്കുറിച്ച് തോന്നിയത് പറയുകയാണോ വേണ്ടത്. രാഖി അവളുടെ ക്രിസ്തീയ വിശ്വാസത്തെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കണ്ടു. അവൾ മനഃസാക്ഷിയോ ദൈവഭയമോ ഇല്ലാതെ പരസ്യമായി എന്നെക്കുറിച്ച് നിര്‍ദയമായ നുണകള്‍ പറയുന്നത് ഞാനും എന്നോടൊപ്പം ഈ രാജ്യവും കണ്ടു.
ഈ മീ ടൂ കാമ്പയിനില്‍ അവള്‍ക്കെന്നെ നിശ്ശബ്ദയാക്കണമായിരുന്നു. എന്റെ മൗനം കൈവരിക്കാന്‍ അവള്‍ക്ക് സാധിച്ചില്ല. പക്ഷേ, നേടാനാവില്ലെന്ന് ഞാൻ എന്താണോ കരുതിയത് അത് അവള്‍ നേടിയെടുത്തു. യേശുവിലുള്ള എന്റെ വിശ്വാസം.
രാഖി പരസ്യമായി അവളുടെ കള്ളത്തരം തുറന്ന് പറഞ്ഞ് എന്നോട് മാപ്പ് പറയാതെ ഞാന്‍ ഇനി പള്ളിയിൽ കാല് കുത്തില്ലെന്ന് ശപഥം ചെയ്യുന്നു. എന്തിനെയാണോ നിങ്ങള്‍ ആരാധിക്കുന്നത് നിങ്ങള്‍ അതായി തന്നെ തീരും.
കള്ളന്മാരെയും ചതിയന്മാരെയും കുതികാല്‍വെട്ടുകാരെയും വിഷം തുപ്പുന്ന മതവിശ്വാസികളെയും സ്വീകരിക്കുന്ന ഒരാളെ വിവാഹം ചെയ്യുന്ന പോലെയായേനെ അത്. യേശുവേ നീ എന്നെ നിരാശയാക്കി.
Content Highlights : Tanushree Dutta on jesus faith rakhi sawanth Me Too Tanushree ask rakhi to apologize