മാധുരി ദീക്ഷിതിന്റെ ടമ്മ ടമ്മ യുടെ റീമേക്ക് തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് പ്രശസ്ത നൃത്ത സംവിധായിക സരോജ ഖാന്‍.
1990ല്‍ പുറത്തിറങ്ങിയ ഥാനേദാര്‍ എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമാണ് ടമ്മ ടമ്മ. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും പ്രത്യക്ഷപ്പെടുന്ന ഗാന രംഗം ചടുലമായി നൃത്തച്ചുവടുകളാല്‍ സമ്പന്നമായിരുന്നു. സരോജ ഖാനായിരുന്നു ചിത്രത്തിന്റെ നൃത്ത സംവിധായിക.
27 വര്‍ഷങ്ങള്‍ക്കപ്പുറം ബദരീനാഫ് കീ ദുല്‍ഹനിയാ എന്ന ചിത്രത്തില്‍ ടമ്മ ടമ്മ റീമേക്ക് എത്തിയപ്പോള്‍ സരോജ ഒട്ടും തൃപ്തയല്ലെന്ന് പറയുന്നു. മാധുരി ഒരുക്കിയ ചുവടുകള്‍ക്കനുസരിച്ച് നൃത്തം ചെയ്യുന്നത് വരുണ്‍ ധവാനും ആലിയാ ഭട്ടുമാണ്.
ചിത്രത്തിന്റെയും ഗാനത്തിന്റെയും പ്രചരണ പരിപാടികള്‍ തകൃതിയായി നടക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് സരോജയുടെ അസാന്നിധ്യമാണ്. താന്‍ എന്തുകൊണ്ട് പങ്കെടുത്തില്ല എന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സരോജ.
എന്നെ വിളിച്ചിരുന്നില്ല അതുകൊണ്ടാണ് പങ്കെടുക്കാഞ്ഞത്. മാത്രമല്ല ടമ്മ ടമ്മ ആദ്യമൊരുക്കിയ എന്നെ കാണിക്കാന്‍ മാത്രം റീമേക്കിന് നിലവാരമില്ല എന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് തോന്നിക്കാണും. വരുണ്‍ ധവാന്‍ നന്നായി നൃത്തം ചെയ്തിട്ടുണ്ടാകും. അയാള്‍ ഒരു നല്ല ഡാന്‍സറാണ്. എന്നാല്‍ ആലിയയുടെ കാര്യത്തില്‍ നിരാശയുണ്ട്. ആലിയക്ക് മാധുരിയെപ്പോലെ നൃത്തം ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല- സരോജ പറയുന്നു.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 2000 ല്‍ അധികം ചിത്രങ്ങള്‍ക്കാണ് സരോജ നൃത്തമൊരുക്കിയിരിക്കുന്നത്. മികച്ച നൃത്ത സംവിധായികയ്ക്കുള്ള ദേശീയ പുരസ്‌കാരം 3 തവണയാണ് സരോജയെ തേടിയെത്തി.