കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍ ട്വിറ്ററിലൂടെ തനിക്കെതിരേ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തപ്‌സി പന്നു. കങ്കണയും രാജ് കുമാര്‍ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഡ്‌മെന്റല്‍ ഹേ ക്യാ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് കങ്കണയുടെ മനേജര്‍ കൂടിയായ രംഗോലി തപ്‌സിക്കെതിരേ രംഗത്തുവന്നത്.
സിനിമയെക്കുറിച്ച് തപ്‌സി പങ്കുവച്ച ട്വീറ്റില്‍ കങ്കണയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നില്ലെന്നും കങ്കണയോട് അസൂയയാണെന്നും രംഗോലി ആരോപിച്ചു. ഇതുകൂടാതെ സ്വജന പക്ഷപാതമുള്ള തപ്‌സിയെപ്പോലുള്ള ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ കങ്കണയെ ഒരിക്കലും മാനിക്കില്ലെന്നും രംഗോലി പറഞ്ഞു. തുടര്‍ന്ന് അനുരാഗ് കശ്യപ് തുടങ്ങിയ സിനിമാപ്രവര്‍ത്തകര്‍ തപ്‌സിയെ അനുകൂലിച്ച് രംഗത്തുവന്നു. സംഭവത്തില്‍ രംഗോലിക്കും കങ്കണയ്ക്കും മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് തപ്‌സി പന്നു.
അനുരാഗ് മാത്രമല്ല സിനിമയിലെ എന്റെ സുഹൃത്തുക്കളില്‍ ഒരുപാട് പേര്‍ അവര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നതാണ്. പലരെയും ഞാന്‍ എതിര്‍ത്തു. എന്തുകൊണ്ടെന്നാല്‍ ഞാന്‍ കാരണം കങ്കണയ്ക്കും രംഗോലിക്കും അനാവശ്യമായ മൈലേജ് ലഭിക്കേണ്ടതില്ല. സ്വജനപക്ഷപാതത്തിന്റെ ചീട്ടുവച്ച് കങ്കണയ്ക്ക് എന്നോട് കളിക്കാനാവില്ല, കാരണം ഞാനും ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ എത്തിനില്‍ക്കുന്നത്. ആ സഹോദരിമാരോട് തര്‍ക്കിക്കാന്‍ ഞാനില്ല. എന്റെയും അവരുടെയും ഭാഷകള്‍ തമ്മില്‍ ചേര്‍ന്നുപോകില്ല-തപ്‌സി പറഞ്ഞു.
ചുരുണ്ട മുടി വളര്‍ത്തി ഞാന്‍ കങ്കണയെ അനുകരിക്കുകയാണെന്ന് രംഗോലി പറഞ്ഞിരുന്നു. ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശം വല്ലതുമുണ്ടോ? ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്-തപ്‌സി കൂട്ടിച്ചേര്‍ത്തു.
Content Highlights: Taapsee pannu slams Kangana ranaut Rangoli says cant play nepotism Card with her, Judgemental hai kya movie