പാട്ടുസീനുകളില്‍ പല പരീക്ഷണങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, സീന്‍ കൊഴുപ്പിക്കാന്‍ നടിയുടെ നാഭിക്കുനേരെ നാളികേരം എറിഞ്ഞാലോ? അതില്‍ എന്ത് സൗന്ദര്യമാണുള്ളതെന്ന് ആരും ചോദിച്ചുപോവും. ഇത്തരമൊരു സീന്‍ കണ്ടാല്‍ പ്രേക്ഷകര്‍ക്ക് എന്ത് വികാരമാണ് ഉണ്ടാവുകയെന്നും ചോദിച്ചുപോവും. ഈ ചോദ്യം ചോദിക്കുന്നത് വേറെ ആരുമല്ല, ആ ഏറ് കൊണ്ട നായിക തന്നെയാണ്.
നടികളോടുള്ള സിനിമാലോകത്തിന്റെ സമീപനത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈസ്റ്റ് ഇന്ത്യ കോമഡി എന്ന ചാറ്റ്ഷോയില്‍ തപ്സി പങ്കുവച്ച അനുഭവങ്ങള്‍.
തന്റെ അരങ്ങേറ്റ ചിത്രമായ ജുമ്മാണ്ടി നാദം എന്ന തെലുങ്ക് ചിത്രത്തിലാണ് നാളികേരം കൊണ്ട് നാഭിക്ക് ഏറ് കൊണ്ട വിചിത്രമായ അനുഭവം തപ്സിക്കുണ്ടായത്. സിനിമയ്ക്ക് എരിവ് പകരാന്‍ നടികളുടെ നാഭിക്ക് നേരെ പൂക്കളും പഴങ്ങളുമെറിയുന്ന സംവിധായകരെ കണക്കറ്റ് പരിഹസിക്കുന്നുണ്ട് തപ്സി. തന്നെ സിനിമാലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിച്ച സംവിധായകന്‍ രാഘവേന്ദ്ര റാവുവിന് നടികളുടെ നാഭിയോടും പൊക്കിളിനോടുമുള്ള അഭിനിവേശത്തെയും രൂക്ഷമായി അവര്‍ കുറ്റപ്പെടുത്തി.
നടികളെ അവതരിപ്പിക്കുന്നതില്‍ ഒരു മാന്ത്രിക സ്പര്‍ശമുള്ളയാളാണ് എന്നെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത്. ശ്രീദേവിയെയും ജയസുധയെയുമെല്ലാം സിനിമയില്‍ അവതരിപ്പിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ നൂറ്റിയഞ്ചാം ചിത്രത്തിലാണ് എന്നെ അവതരിപ്പിച്ചത്. നടികളുടെ നാഭി കാണിക്കുന്നതിലും പൊക്കിളിനുനേരെ പൂക്കളും പഴങ്ങളും എറിയുന്ന ദൃശ്യങ്ങള്‍ കാട്ടിയും പ്രേക്ഷകരുടെ വികാരമുണര്‍ത്തുന്നതില്‍ പേരെടുത്തയാളാണ് അദ്ദേഹം. സത്യത്തില്‍ ഞാനും അതിന് ഒരുങ്ങിയിരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഒരുപാട് വീഡിയോകള്‍ കാണുകയും ചെയ്തു. എന്നാല്‍, അതിനുവേണ്ടി ഞാന്‍ എന്റെ നാഭി ഭംഗിയായി ഒരുക്കിവച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ ഊഴം വന്നപ്പോള്‍ അവര്‍ എനിക്ക് നേരെ ഒരു നാളികേരമാണ് എറിഞ്ഞത്. ഷൂട്ടിങ് കണ്ടുനിന്നവരില്‍ പൊട്ടിച്ചിരി ഉണര്‍ത്തുന്നതായിരുന്നു ഈ രംഗം. എന്റെ നാഭിയില്‍ ഒരു നാളികേരം വന്നിടിക്കുന്നത് കാണുമ്പോള്‍ പ്രേക്ഷകരിൽ എന്ത് വികാരമാണ് ഉണരുക എന്നറിയില്ല-തപ്സി പറഞ്ഞു.
കന്നിചിത്രമായ ജുമ്മാണ്ടി നാദം എന്ന ചിത്രത്തില്‍ തപ്സി അഭിനയിച്ച യെം സക്കാഗുണ്ണവരോ എന്ന ഗാനം ഈയൊരു ഗണത്തില്‍ പെടുന്നതായിരുന്നു. കുറേ മുറിത്തേങ്ങള്‍ക്ക് മുകളില്‍ തപ്സി കിടക്കുന്നതും വലിയൊരു നാളികേരമുറിയിൽ തപ്സി കിടക്കുന്നതുമെല്ലാം തപ്സിയുടെ വസ്ത്രത്തിന്റെ നീലനിറം നാളികേരവെള്ളത്തില്‍ കലരുന്നതുമെല്ലാമുണ്ട് ഗാനരംഗത്തില്‍. നായകനും നായികയും ഒരു മുറിത്തേങ്ങയില്‍ പറന്നുവരുന്ന രംഗം പോലുമുണ്ട് അതില്‍. ഇതു കഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ക്കുശേമാണ് ഇതിലെ രോഷം പരസ്യമായി തന്നെ പ്രകടിപ്പിച്ച് തപ്സി രംഗത്തുവന്നിരിക്കുന്നത്.
തപ്സി പറഞ്ഞതില്‍ വാസ്തവം ഏറെയുണ്ടെങ്കിലും അത് രാഘവേന്ദ്ര റാവുവിന്റെ ആരാധകര്‍ക്ക് അത്ര രസിച്ചിട്ടില്ല. സംഗതി വലിയ വിവാദമാക്കിയിരിക്കുകയാണ് അവര്‍.
രാഘവേന്ദ്ര റാവുവിന്റെ പൊക്കിള്‍, നാഭീ ഗാനരംഗങ്ങള്‍ പ്രസിദ്ധമാണ് തെലുങ്കില്‍. ഈ ഇക്കിളി രംഗങ്ങള്‍ കാരണം നാഭീവിദഗ്ദ്ധന്‍ എന്നൊരു പട്ടം തന്നെ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട് അദ്ദേഹത്തിന് ചില വെബ്സൈറ്റുകള്‍. ആര്‍ക്കെങ്കിലും പഴങ്ങളെക്കുറിച്ച് എന്തെങ്കിലും അറിയണമെങ്കില്‍ രാഘവേന്ദ്ര റാവുവിനൊപ്പം ഒരു ചിത്രം ചെയ്താല്‍ മതി എന്നാണ് ചിരഞ്ജീവി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.