ഭര്‍ത്താവ് അശ്വിനെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കി ഗായിക ശ്വേതാ മോഹന്‍. മാതൃഭൂമി കപ്പ ടി.വിയുടെ ഹാപ്പിനെസ് പ്രൊജക്ടിലാണ് ശ്വേത മനസ്സ് തുറന്നത്.
'ഞാനും അശ്വിന്റെ സഹോദരി ആരതിയും ഒരേ കോളജിലാണ് പഠിച്ചിരുന്നത്. ഞങ്ങള്‍ രണ്ടുപേരും ലൈറ്റ് മ്യൂസിക് ക്ലബില്‍ ഉണ്ടായിരുന്നു. അവിടെ വച്ച് കൂട്ടുകാരായി.
അങ്ങനെ ഒരിക്കല്‍ ഞാനൊരു പാട്ട് മത്സരത്തില്‍ ഞാന്‍ പങ്കെടുത്തു. ഞാന്‍ ഒരുപാട് പ്രാക്ടീസ് ചെയ്താണ് മത്സരിച്ചത്. ഒരുപാട് കുട്ടികള്‍ ഉണ്ടായിരുന്നു. പാട്ടൊക്കെ കഴിഞ്ഞ് ആദ്യം സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. ആദ്യം മൂന്ന് സ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു അതില്‍ എന്റെ പേരില്ല. അതൊക്കെ കഴിഞ്ഞ് നന്നായി പാടിയ പതിനഞ്ച് കുട്ടികള്‍ക്ക് സമ്മാനം നല്‍കി. അതിലും എന്റെ പേരില്ല. ഞാന്‍ ആകെ കരഞ്ഞു തളര്‍ന്നു. എന്റെ സ്വപ്‌നം അമ്മയെപ്പോലെ ഒരു ഗായികയാവുക എന്നതായിരുന്നു. അതെല്ലാം തകര്‍ന്നുപോയെന്ന ചിന്തയായിരുന്നു. അപ്പോള്‍ ആരതി പറഞ്ഞു കരയേണ്ട, നമുക്ക് എന്റെ വിട്ടിലേക്ക് പോകാം, അവിടെ പൂന്തോട്ടത്തില്‍ ഇരുന്ന് കുറച്ചു സമയം റിലാക്‌സ് ചെയ്യാം. അങ്ങനെ ഞങ്ങള്‍ ആരതിയുടെ വീട്ടിലെത്തി. വാതില്‍ തുറന്ന് പുറത്ത് വന്നത് അശ്വിനായിരുന്നു. അശ്വിന്‍ ഒരു ഷോര്‍ട്സായിരുന്നു ഇട്ടിരുന്നത്. എന്നെ കണ്ടപ്പോള്‍ അശ്വിന്‍ ഓടി. അത് എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ദിവസമായിരുന്നു.'
മകളുടെ വരവ് ജീവിതം മാറ്റി മറിച്ചുവെന്നും ശ്വേത പറയുന്നു. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ശ്വേതയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ശ്രേഷ്ഠ എന്നാണ് കുഞ്ഞിന്റെ പേര്.
'ഗര്‍ഭകാലഘട്ടം ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. കുഞ്ഞ് വയറ്റിലുള്ളത് ഒരു മനോഹരമായ അനുഭവമായിരുന്നു. ഞാന്‍ ഒരു അഞ്ച് മാസം കഴിഞ്ഞപ്പോള്‍ സ്‌റ്റേജ് ഷോകള്‍ നിര്‍ത്തി. റെക്കോഡിങ് മാത്രമേ ചെയ്യാറുണ്ടായിരുന്നുള്ളൂ. അമ്മൂമയാണ് (സുജാത) അവളുടെ എല്ലാം. ഞങ്ങള്‍ രണ്ടുപേരും പാട്ട് പാടികൊടുക്കാറുണ്ട്. അവള്‍ക്കും സംഗീതത്തോട് താല്‍പര്യം ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'
അച്ഛനും അമ്മയ്ക്കും താന്‍ സംഗീതം തൊഴിലായി സ്വീകരിക്കുന്നതിനോട് താല്‍പര്യം ഇല്ലായിരുന്നുവെന്ന് ശ്വേത പറയുന്നു.
'പഠിച്ച് നല്ല ശമ്പളം കിട്ടുന്ന ജോലി വാങ്ങണം എന്നായിരുന്നു അവരുടെ ആഗ്രഹം. സംഗീതലോകത്ത് മാറിവരുന്ന ട്രെന്‍ഡുകളെക്കുറിച്ച് അവര്‍ക്ക് നന്നായി അറിയാമായിരുന്നു. ഒരുപാട് വെല്ലുവിളികളുള്ള ഒരു രംഗമായത് കൊണ്ടായിരിക്കണം അവര്‍ എന്നോട് വേണ്ടെന്ന് പറഞ്ഞത്. കുട്ടിക്കാലത്ത് എനിക്ക് സംഗീതത്തോട് താല്‍പര്യം ഇല്ലായിരുന്നു. പാട്ട് മാഷ് വരുമ്പോള്‍ ഞാന്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് ക്ലാസ് മുടക്കുമായിരുന്നു. സ്‌കൂളില്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് സംഗീതത്തോട് താല്‍പര്യം തോന്നിയത്.'
പുരസ്‌കാരങ്ങള്‍ പ്രചോദനമാണെങ്കിലും ഇന്നത്തെ കാലത്ത് പുരസ്‌കാരങ്ങള്‍ക്ക് മൂല്യം കുറഞ്ഞുവെന്ന് തനിക്ക് തോന്നുന്നതായും ശ്വേത പറഞ്ഞു.
'പണ്ട് അമ്മയ്ക്ക് പുരസ്‌കാരങ്ങള്‍ കിട്ടുമ്പോള്‍ ഒരുപാട് വില ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് അവാര്‍ഡുകള്‍ ഒരുപാടുണ്ട്. ചടങ്ങിന് നമുക്ക് എത്താന്‍ സാധിക്കുമോ എന്ന് നോക്കിയാണ് അവാര്‍ഡ് തരുന്നത്. എന്നിരുന്നാലും സംസ്ഥാന പുരസ്‌കാരം, ദേശീയ പുരസ്‌കാരം എല്ലാം ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണ്'-ശ്വേത പറഞ്ഞു.
Content Highlights: swetha mohan about music family husband daughter interview happiness project