മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് സുരേഷ് ഗോപിയും ശോഭനയും. ഇരുവരും ഒന്നിച്ച മണിച്ചിത്രത്താഴ് മലയാളസിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം താരജോഡികള്‍ വീണ്ടും ഒന്നിക്കുകയാണ്. അതും മണിച്ചിത്രത്താഴില്‍ പറഞ്ഞതുപോലെ ഒരു ദുര്‍ഗാഷ്ടമി ദിനത്തില്‍.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ കന്നി സംവിധാന സംരംഭമായ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അനൂപ് സത്യന്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ഒട്ടനവധിപേര്‍ കമന്റുകളുമായി രംഗത്ത് വന്നിരിക്കുകയാണ്.
ഇന്ന് ദുര്‍ഗാഷ്ടമിയാണെന്നും ഗംഗയോട് നകുലനെ ഒന്നും ചെയ്യരുത് എന്നുമാണ് മിക്ക കമന്റുകളും. ശോഭനയും സുരേഷ് ഗോപിയും മോഹന്‍ലാലും കഥാപാത്രങ്ങളെ അവതരിപ്പിച്ച മണിച്ചിത്രത്താഴിലെ ഗംഗയെയും നകുലനേയും കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമില്ല. അത്രയും പ്രശസ്തമാണ് ഗംഗയും നകുലനും തമ്മിലുള്ള സംഭാഷണങ്ങള്‍.
ശോഭനയ്‌ക്കൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച സുരേഷ് ഗോപി, നകുലന്‍ ഗംഗയുമായി ദുര്‍ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍ എന്നാണ് കുറിച്ചത്.
മണിച്ചിത്രത്താഴിന് പുറമേ സിന്ദൂരരേഖ, ഇന്നലെ, കമ്മീഷണര്‍ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ 'മകള്‍ക്ക്' എന്ന സിനിമയിലാണ് ഇരുവരും ഏറ്റവുമൊടുവില്‍ ഒരുമിച്ചെത്തിയത്. അനൂപ് സത്യന്റെ ചിത്രത്തിന് പേര് നിര്‍ണയിച്ചിട്ടില്ല. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാണ് ദുല്‍ഖര്‍ ചിത്രം നിര്‍മിക്കുന്നത്.
Content Highlights: Suresh gopi, shobana reunites anoop sathyan movie stills