മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് വേണ്ടത്ര പ്രമോഷന്‍ നല്‍കിയില്ലെന്ന് ആരോപിച്ച് ഫെയ്‌സ്ബുക്കിലൂടെ അസഭ്യ വര്‍ഷം നടത്തിയവര്‍ക്കെതിരെ നിയമ നടപടിയുമായി നിര്‍മ്മാതാവ് സോഫിയാ പോള്‍.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച് ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനവിജയം നേടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചിത്രത്തിന് വേണ്ടത്ര പ്രമോഷന്‍ കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു കൂട്ടര്‍ ഫെയ്സ്ബുക്കില്‍ അസഭ്യവര്‍ഷം നടത്തിയത്.
സോഫിയ പോളിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ചിലര്‍ അസഭ്യം പറഞ്ഞതായി മകന്‍ കെവിന്‍ പോള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സ്ഥിരീകരിച്ചു.
ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കൂടുതല്‍ പോസ്റ്ററുകള്‍ അടിക്കുന്നില്ല എന്നൊക്കെയാണ് അവരുടെ ആരോപണങ്ങള്‍. ഇതെല്ലാം നിര്‍മാതാവ് തീരുമാനിക്കുന്ന കാര്യങ്ങളാണ്. മാന്യമായ ഭാഷയിലാണെങ്കില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാവുന്നതായിരുന്നു. എന്നാല്‍ വളരെ വൃത്തിക്കെട്ട വാക്കുകളാണ് അവര്‍ ഞങ്ങള്‍ക്കു നേരെ പ്രയോഗിച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുമായി ഇക്കൂട്ടര്‍ക്ക് വലിയ ബന്ധമൊന്നുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ സിനിമയെ എങ്ങനെയെങ്കിലും തകര്‍ക്കണം എന്നതാണ് അവരുടെ ഉദ്ദേശം- കെവിന്‍ പോള്‍ പറഞ്ഞു.
അസഭ്യം പറഞ്ഞതിന്റെയും അസത്യം പ്രചരിപ്പിച്ചവരുടെയും ഫെയ്സ്ബുക്ക് കമന്റുകളുടെയും പോസ്റ്റുകളുടെയും സ്‌ക്രീന്‍ഷോട്ടോട് കൂടിയാണ് സോഫിയാ പോള്‍ നിയമ നടപടിക്കൊരുങ്ങുന്നത്.
ബിസിനസ് ആവശ്യങ്ങള്‍ക്കായി നിലവില്‍ ദുബായിലാണ് സോഫിയ പോളും കുടുംബവും ഉള്ളത്. കൊച്ചിയിലും ബിസിനസ് ഉണ്ടെങ്കിലും ഇവരുടെ പ്രധാന സ്ഥാപനങ്ങളെല്ലാം ദുബായിലാണ്.
ഉണ്ണി ലാലേട്ടന്‍, വൈശാഖ് വി.കെ. എന്നിങ്ങനെ പേരുകളുള്ള ഫെയ്സ്ബുക്ക് പ്രാഫൈലുകള്‍ക്കെതിരെയാണ് സോഫിയ പോള്‍ പരാതി കൊടുക്കാന്‍ ഒരുങ്ങുന്നത്. വ്യക്തിപരമായി അധിക്ഷേപിക്കല്‍, നിര്‍മ്മാണ കമ്പനിയെ കരിവാരി തേക്കല്‍, സിനിമയെ തകര്‍ക്കാനുള്ള ശ്രമം, അസഭ്യം പറച്ചില്‍ തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ ഉള്‍പ്പെടുത്തുന്നത്.
ജനുവരി 20ന് കേരളത്തിലെ തിയേറ്ററുകളിലെത്തിയ ചിത്രം ഏതാണ്ട് 30 കോടിയോളം രൂപ വിവിധ കേന്ദ്രങ്ങളിലായി കളക്ട് ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. സിനിമ ഹിറ്റായിട്ടും പോസ്റ്ററുകള്‍ അടിക്കാന്‍ പോലും നിര്‍മ്മാണ കമ്പനി തയാറാകുന്നില്ലെന്നാണ് സോഫിയക്കെതിരെ ഇവര്‍ ഉന്നയിക്കുന്ന ആരോപണം.