ബോളിവുഡ് നടി ജിയാ ഖാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്താണ് നടന്‍ സൂരജ് പഞ്ചോളി. ജിയയുടെ കാമുകനായിരുന്ന സൂരജിനെതിരേ പരാതി നല്‍കിയത് നടിയുടെ കുടുംബമായിരുന്നു. സംഭവം നടന്ന് ആറ് വര്‍ഷം കഴിഞ്ഞിട്ടും ജിയയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിച്ചിട്ടില്ല. തുടര്‍ന്ന് തന്റെ 28-ാം പിറന്നാള്‍ ദിനത്തില്‍ കേസിനെക്കുറിച്ച് മനസ്സു തുറക്കുകയാണ് സൂരജ്. ഇന്‍സ്റ്റ്രഗാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ കഴിഞ്ഞ ആറ് വര്‍ഷമായി താന്‍ വേട്ടയാടപ്പെടുകയാണെന്ന് സൂരജ് പറയുന്നു.
സൂരജിന്റെ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍
ഇന്ന് ഞാന്‍ ജീവിതത്തിലെ 28 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ അവസരം ഞാന്‍ നിങ്ങളോട് ചില കാര്യങ്ങള്‍ പറയാന്‍ ഉപയോഗിക്കുകയാണ്. ഈ കേസ് അവസാനിച്ചതിനുശേഷം മാത്രമേ ഞാന്‍ സംസാരിക്കുകയുള്ളൂ എന്ന് വിചാരിച്ചിരുന്നു. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇത് നീണ്ടതിനാല്‍ കുറച്ച് കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു.
എന്റെ കഷ്ടകാലത്ത് എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും ഞാന്‍ ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുകയാണ്. ഇതൊരു വലിയ യാത്രയായിരുന്നു. ജീവിതത്തെക്കുറിച്ച് ഇപ്പോഴും ഞാന്‍ അറിയാന്‍ ശ്രമിക്കുന്നു. ആറ് വര്‍ഷമായി ഞാന്‍ കേസിന് പിറകേയാണ്, ക്ഷമയോടും ബഹുമാനത്തോടും കൂടി വിചാരണ അവസാനിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.
ആറ് വര്‍ഷങ്ങള്‍ പലരും എന്നെ കൊലപാതകി എന്ന് വിളിച്ചു, രാക്ഷസന്‍ എന്നും പീഡകന്‍ എന്നും വിളിച്ചു. എന്നെക്കുറിച്ചുള്ള മോശം കാര്യങ്ങള്‍ ഞാന്‍ എന്നും വായിക്കാറുണ്ട്. അതെല്ലാം ഗൗനിക്കാതിരിക്കാനുള്ള മനഃശക്തി ഞാന്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. എന്നിരുന്നാലും എന്നിലും എന്റെ പ്രിയപ്പെട്ടവരിലും അതെല്ലാം മുറിവുകള്‍ സൃഷ്ടിച്ചു.
എന്നെ ചീത്തവാക്കുകള്‍ വിളിക്കുന്നവരെ ഞാന്‍ കുറ്റപ്പെടുത്താനില്ല. എന്നെ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ പലരും ചിത്രീകരിച്ചത് മോശമായിട്ടാണ്. മാധ്യമങ്ങളിലെ തലക്കെട്ടുകള്‍ പറയും പോലെ ഞാന്‍ ഒരു രാക്ഷസനല്ല. ഒരാളെ കുറ്റപ്പെടുത്താനും മോശക്കാരനാക്കാനും എളുപ്പമാണ്. എന്നാല്‍ നിരപരാധിത്തം തെളിയിച്ച് പുറത്ത് വരാന്‍ ഒരുപാട് കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
എനിക്കെതിരേ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തെളിവുകളില്ല. എന്റെ മാതാപിതാക്കള്‍ എന്നെ ഓര്‍ത്ത് അഭിമാനിക്കണമെന്ന് കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ഞാന്‍ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി എനിക്കത് സാധിച്ചില്ല. എന്റെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാനോ സന്തോഷത്തോടെ ഇരിക്കാനോ എനിക്ക് കഴിഞ്ഞില്ല.
ഈ വിചാരണ ഒരിക്കല്‍ നല്ല രീതിയില്‍ അവസാനിക്കുമെന്നും നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹവും പിന്തുണയും ഇനിയും ഉണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു-സൂരജ് കുറിച്ചു.
അമേരിക്കന്‍ പൗരത്വമുള്ള ജിയയെ 2013 ജൂണ്‍ മൂന്നിനാണ് ജുഹുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. ജിയാഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനാണ് സൂരജ് പഞ്ചോളി. വിവാദങ്ങള്‍ക്കിടേ ഹീറോ എന്ന ചിത്രത്തിലൂടെ സൂരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. സല്‍മാന്‍ ഖാന്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. എന്നാല്‍ സിനിമ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല.
സൂരജ് ജിയയോട് പ്രണയം നടിക്കുകയായിരുന്നുവെന്നും എന്നാല്‍ ജിയയുടെ ഇഷ്ടം ആത്മാര്‍ഥമായിരുന്നുവെന്നും ജിയയുടെ അമ്മ റാബിയ ഖാന്‍ പറയുന്നു. സൂരജുമായുള്ള ബന്ധത്തില്‍ ജിയ ഗര്‍ഭിണി ആയപ്പോഴാണ് കാര്യങ്ങള്‍ വഷളാകുന്നത്. ആശുപത്രിയില്‍ പോകാതെ ഗര്‍ഭം അലസിപ്പിക്കാന്‍ ജിയയെ പ്രേരിപ്പിച്ചത് സൂരജാണ്. ഗര്‍ഭം നശിപ്പിച്ചെങ്കിലും സൂരജ് ജിയയെ ഒഴിവാക്കാന്‍ ശ്രമിച്ചു. ആ മാനസിക വിഷമമാണ് ജിയയുടെ മരണത്തിന് കാരണമായതെന്നും റാബിയ കുറ്റപ്പെടുത്തി.
Content Highlights: Sooraj Pancholi on jiah khan murder case in his 28th birthday jia khan suicide death trial verdict