കൊച്ചി: മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഷെയ്ന്‍.
ചര്‍ച്ച നടന്നിട്ടില്ല, വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടന്നത്. മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഒരുപാട് പേരുടെ സ്വപ്‌നമാണ് സിനിമ. എല്ലാവരുടെയും അധ്വാനമുണ്ട്.
എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്? സിനിമ വൃത്തിയായി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിപ്പോയി. ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് സംവിധായകന്‍ പോലും എന്നെ കൊണ്ടെത്തിച്ചു. ഇല്ല എന്ന് അവിടെ ആരെങ്കിലും പറയട്ടെ... സിനിമ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് എന്റെ തീരുമാനം- ഷെയ്ന്‍ പറഞ്ഞു.
നടന്‍ സിദ്ദിഖാണ് അുനുരഞ്ജനത്തിന് വഴിയൊരുക്കിയത്. സിദ്ദിഖിന്റെ ആലുവയിലെ വീട്ടില്‍ വച്ചായിരുന്നു ഷെയ്‌ന് അമ്മ പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കിയത്.
മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കുകയും വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതെല്ലാം വിശദമായി അവതരിപ്പിക്കുകയും ചെയ്തു.
ഷെയ്ന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ടു ദിവസത്തിനകം ചര്‍ച്ച നടത്തും. വെയില്‍ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്.
15 ദിവസമാണ് നേരത്തെ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടതെങ്കിലും സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറയുന്നിടത്ത് നിന്നാണ് പ്രശ്‌നങ്ങള്‍ വീണ്ടും തുടങ്ങിയതെന്നാണ് പറയുന്നത്.
സിനിമയുടെ കുറേയധികം ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകന്‍ പറഞ്ഞ സമയത്ത് സിനിമ തീര്‍ക്കാന്‍ എത്രശ്രമിച്ചാലും സാധ്യമാകില്ലെന്നുമാണ് ഷെയ്‌നിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഫെഫ്ക നേതൃത്വം സംവിധായകനുമായി ആശയവിനിമയം നടത്തിയ ശേഷം അമ്മ ജനറല്‍ സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിക്കും. ഇക്കാര്യങ്ങളില്‍ വ്യക്തത വന്ന ശേഷമാകും നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുക.
നേരത്തെ ചെയ്തത് പോലെ ഷെയ്ന്‍ നിഗവും സംവിധായകനും നിര്‍മാതാവും ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ആവശ്യമില്ലെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ഇക്കാര്യത്തില്‍ പരസ്പരം ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളുക. തീരുമാനം അംഗീകരിക്കാന്‍ ഷെയ്ന്‍ നിഗം പൂര്‍ണ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Content Highlights: shane nigam on controversy, Veyil movie, after meeting AMMA Representative