ഒന്നിന് പിറകെ ഒന്നായി വെള്ളിത്തിരയില്‍ എത്തിക്കൊണ്ടിരിക്കുകയാണ് ബയോപിക്കുകള്‍. തൊണ്ണൂറുകളില്‍ ഇക്കിളിപ്പടങ്ങളിലൂടെ മലയാള സിനിമയുടെ ബോക്‌സ്ഓഫീസില്‍ ചരിത്രം കുറിച്ച ഷക്കീലയുടെ ജീവിതമാണ് ഏറ്റവും പുതിയതായി അഭ്രപാളിയിലെത്തുന്നത്.
ഷക്കീലയുടെ മുന്‍ഗാമിയായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ഡേര്‍ട്ടി പിക്ചറിന്റെ ചുവടുപിടിച്ചാണ് ഈ ചിത്രവും ഒരുങ്ങുന്നത്.
കിന്നാരതുമ്പികളിലൂടെ അരങ്ങേറ്റം കുറിച്ച് സൃഷ്ടിച്ച് പിന്നീട് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും, മൊഴിമാറിയെത്തി നേപ്പാളിലും ചൈനയില്‍ പോലും തരംഗം സൃഷ്ടിച്ച ഷക്കീലയുടെ ജീവിതകഥ കന്നഡയിലാണ് സിനിമയാകുന്നത്. ബോളിവുഡ് താരം റിച്ച ചദ്ദയാണ് ഷക്കീലയെ വെള്ളിത്തിരയില്‍ പുനരവതരിപ്പിക്കുന്നത്.
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ കന്നി ചിത്രത്തിന് വി.ശാന്താറാം പുരസ്‌കാരം നേടിയ ആളാണ് ഇന്ദ്രജിത്ത്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയ്യേറ്ററുകളില്‍ എത്തും.
പതിനാറാം വയസ്സില്‍ ചലച്ചിത്രരംഗത്തെത്തിയ ഷക്കീലയുടെ സിനിമയിലെയും വ്യക്തിജീവിതത്തിലെയും നിമിഷങ്ങളിലൂടെയാവും സിനിമ സഞ്ചരിക്കുക.
ഷക്കീലയായി അഭിനയിക്കാന്‍ ഒരുങ്ങുന്ന കാര്യം റിച്ച ചദ്ദയുടെ വക്താവ് സ്ഥിരീകരിച്ചു. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവമായി പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്ന ഷക്കീലയുടെ കഥയാണ് സിനിമ പറയുന്നത്. ഏഷ്യയില്‍ മുഴുവന്‍ ആരാധകരുള്ള അവരെപ്പോലെ മറ്റൊരു സ്ത്രീയും ഇത്രയും പിന്തുണ ആര്‍ജിച്ചിട്ടില്ല. ആകര്‍ഷകമാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ്. അവരുടെ ജീവിതകഥ നന്നായി തന്നെ പറഞ്ഞിട്ടുണ്ട്. സിനിമ പ്രേക്ഷകര്‍ക്ക് ഒരു വിരുന്ന് തന്നെയാവും എന്നുറപ്പുണ്ട്. അതിന്റെ തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ഏപ്രിലിലോ മെയിലോ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്-റിച്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഒയേ ലക്കി! ലക്കി ഒയേ എന്ന ചിത്രത്തിലൂടെ 2008ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് താരമാണ് റിച്ച. 2012ല്‍ പുറത്തിറങ്ങിയ ഗ്യാങ്‌സ് ഓഫ് വസെയ്പുരിലൂടെയാണ് ശ്രദ്ധേയയാവുന്നത്. ഫുക്രി, രാംലീല, മാസാന്‍, സരബ്ജിത്ത് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍.
Content Highlights: Shakeela Richa Chadha biopic KinnaraThumbikal Dirty Picture Vidya Balan Silk Smitha Indrajit Lankesh