തമിഴ്നടന്‍ രാധാ രവിക്കെതിരേ ലൈംഗികാരോപണം. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതിയാണ് നടനെതിരേ രംഗത്ത് വന്നിരിക്കുന്നത്. പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേ ഒരു യുവതി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് രാധ രവിയും വെട്ടിലായിരിക്കുന്നത്.
ഓഫീസിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിച്ച് മുഖത്ത് ചുംബിച്ചതായും ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തനിയേ വരണമെന്ന് ആവശ്യപ്പെട്ടതായും യുവതി ആരോപിക്കുന്നു. രാഷ്ട്രീയ സ്വാധീനങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈരമുത്തുവിനെതിരേയും സമാനമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്.
ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാവര്‍ക്ക് വേണ്ടി ഹോളിവുഡില്‍ നിന്ന് ആരംഭിച്ച മീ ടൂ ക്യാമ്പയിന് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലും തരംഗമായി മാറിയിരിക്കുകയാണ്. നാനാ പടേക്കറിനെതിരേ തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ സംവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ക്വീന്‍ എന്ന ചിത്രം സംവിധാനം ചെയ്ത വികാസ് ബാലിനെതിരേ ഒരു യുവതിയും കങ്കണ റണാവത്തും രംഗത്ത് വന്നിരുന്നു.
മലയാള സിനിമയില്‍ നടന് മുകേഷിനെതിരേ ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് എന്ന യുവതി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്വാകാര്യ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന കോടീശ്വരന് പരിപാടിക്കിടെ മുകേഷ് അപമര്യാദയായി പെരുമാറി എന്നാണ് വെളിപ്പെടുത്തല്‍.