ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി തിരക്കഥാകൃത്ത് സുനീഷ് വാരനാട്. ഷെയ്‌നിന്റെ അച്ഛനും നടനുമായ അബിയുടെ ഓര്‍മദിനത്തിന്റെ അന്ന് അബിക്ക് എഴുതുന്ന ഒരു തുറന്ന കത്തെന്ന രൂപത്തിലാണ് സുനീഷ് തന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
മകന്‍ ഷെയ്‌നിന് നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്കും മറ്റും പരാമര്‍ശിക്കുന്ന കത്തില്‍ ഷെയ്‌നിനെ തങ്ങള്‍ പിന്തുണയ്ക്കുന്നുവെന്ന കാര്യവും സുനീഷ് കുറിക്കുന്നു. ഷെയ്ന്‍ ഒറ്റക്കല്ലെന്നും അഭിനേതാക്കളുടെ സംഘടന അമ്മ ഉള്‍പ്പെടെ ഒരുപാട് പേരുടെ പിന്തുണ അവന്റെ കൂടെയുണ്ടെന്നും സുനീഷ് പറയുന്നു.
സുനീഷിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:
പ്രിയപ്പെട്ട അബിക്കയ്ക്ക്, ഇന്ന് ഇക്കയുടെ ഓര്‍മദിവസമാണ്. ഇക്കയുടെ ഓര്‍മകളില്‍ നിന്ന് സങ്കടമുള്ള ഒരു കാര്യം പറയട്ടെ! നമ്മുടെ ചാനുവിനെ നിര്‍മാതാക്കളുടെ സംഘടന വിലക്കിയ കാര്യം അറിഞ്ഞു കാണുമല്ലോ. പെരുമാറ്റ ദൂഷ്യവും സെറ്റിലെ മോശം ഇടപെടലും അപക്വമായ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും അതിലെ അഹങ്കാര ധ്വനിയുമൊക്കെയാണ് കുറ്റങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നത്.
പലപ്പോഴും മലയാള സിനിമയുടെ അഭിനയവഴിയില്‍ ഇക്കയ്ക്ക് ചെയ്യാന്‍ കഴിയാതെ പോയത് അവനിലൂടെ സംഭവിക്കപ്പെടും എന്ന് ചാനുവിന്റെ സിനിമകളിലെ പ്രകടനം കാണുമ്പോഴും സിനിമയോട് അവന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത കാണുമ്പോഴും തോന്നിട്ടുണ്ട്. അതില്‍ ആഹ്ലാദവും അതിലേറെ അഭിമാനവും തോന്നിയിട്ടുണ്ട്.
ചാനുവിന് തെറ്റുകള്‍ ഉണ്ടായിട്ടില്ല എന്ന് ഇക്കയെ സ്‌നേഹിക്കുന്ന ഞങ്ങളാരും പറയില്ല. ചെയ്ത തെറ്റുകളെ ന്യായീകരിക്കുന്നുമില്ല. എന്നാലും അവന്റെയീ ചെറിയ പ്രായത്തില്‍ സംഭവിക്കാവുന്ന തെറ്റുകളേ അവന്‍ ചെയ്തിട്ടുള്ളു എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ക്ഷമിക്കാനും സഹകരിക്കാനും കഴിയുന്ന തെറ്റുകളേയുള്ളൂ എല്ലാം. പരസ്പരമുണ്ടായ ഈഗോ പ്രശ്‌നങ്ങളെ വലിയ പ്രശ്‌നങ്ങളായി പര്‍വതീകരിക്കുമ്പോള്‍ വഷളായതാണ് ഇവയെല്ലാം എന്നാണ് ഇവിടെ നിന്ന് നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് തോന്നുന്നത്. ഡാന്‍സ് റിയാലിറ്റിഷോ സമയത്തെ ചാനുവിന്റെ പ്രതികരണങ്ങള്‍ ഒക്കെ അബീക്ക ഓര്‍ക്കുന്നില്ലേ? അന്നു മുതല്‍ക്കേ ശരിയെന്ന് തോന്നുന്ന സ്വന്തം നിലപാടുകള്‍ അവന്‍ ഉറക്കെ പറഞ്ഞിട്ടില്ലേ? അതുപോലെയൊക്കെ തന്നെയായിരിക്കണം ഇതും...
പിന്നെ ലഹരി ഉപയോഗത്തിന്റെ കാര്യം...പൊലീസും, എക്‌സൈസും ശക്തമായ നടപടികള്‍ എടുക്കട്ടെ.... തെറ്റായ വഴിക്ക് നടത്താനും, തെറ്റ് ഉപദേശിക്കാനും ഒരുപാട് പേരുള്ള കാലമാണല്ലോ ഇത്..എന്തായാലും അവന്‍ പറയുന്നതെല്ലാം കഞ്ചാവടിച്ച് പറയുന്നതാണ് എന്ന് അടച്ച് അഭിപ്രായപ്പെടുന്നവരുണ്ട്. ചില സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ അത് കഞ്ചാവടിച്ച് പറയുന്നതാണെന്ന് പറഞ്ഞ് ആരോപണ വിധേയരാകുന്നവര്‍ക്ക് രക്ഷപ്പെടാമല്ലോ? എന്തായാലും മന്ത്രിതലത്തിലേക്ക് വരെ ഈ വിഷയം എത്തിക്കഴിഞ്ഞു.
ഒരു വശത്ത് നിന്ന് ചിന്തിക്കുമ്പോള്‍, ദേശീയ അവാര്‍ഡ് ജേതാക്കളായ അജിത് കുമാറിന്റെയും ഷാജി എന്‍. കരുണിന്റേയും ഒക്കെ സിനിമകളില്‍ അഭിനയിച്ചപ്പോള്‍ അവര്‍ക്കുണ്ടാകാതിരുന്ന പ്രശ്‌നം എങ്ങനെയാണ് ഈ ഒന്നോ രണ്ടോ പ്രൊഡ്യൂസേഴ്‌സിന് ഉണ്ടാകുന്നത്? അപ്പോള്‍ അവരുടെ ഭാഗത്തും എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെന്ന് ന്യായമായും സംശയിക്കാം. ഇക്കാ ..അതും നമ്മള്‍ കണക്കിലെടുക്കണം. മാത്രമല്ല, വെയിലിലും, കുര്‍ബാനിയിലുമായി പരസ്പര ബന്ധമില്ലാത്ത രണ്ട് കഥാപാത്രങ്ങളുടെ എട്ട് കാലഘട്ടണ്ടളിലെ പല ഗെറ്റപ്പിലുള്ള കഥാപാത്രങ്ങളെ കഴിഞ്ഞ ദിവസണ്ടളിലായി ചാനു അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഉറക്കമില്ലാതെ നിമിഷാര്‍ദ്ധങ്ങളില്‍ കഥാപാത്രങ്ങള്‍ മാറ്റി അഭിനയിക്കുമ്പോഴുള്ള മാനസിക സമ്മര്‍ദ്ദവും നമ്മള്‍ കണക്കിലെടുക്കണം ഇക്കാ ...
ഇക്ക വിഷമിക്കരുത്..ഒരുപാട് കഴിവുള്ള, ഇനിയും വളരാന്‍ ഏറെയുള്ള, മലയാളികള്‍ സ്‌നേഹിച്ച് തുടങ്ങിയ കലാകാരനാണ് ഇക്കാ നമ്മുടെ ചാനു. എന്തായാലും അവന്‍ ഒറ്റക്കല്ല, അഭിനേതാക്കളുടെ സംഘടന അമ്മ ഉള്‍പ്പെടെ ഒരുപാട് പേരുടെ പിന്തുണ അവന്റെ കൂടെയുണ്ട്. ഈ പ്രശ്‌നങ്ങളൊക്കെ തരണം ചെയ്ത് അവന്‍ തിരികെ വരും..വലിയ പെരുന്നാള്‍ സൂപ്പര്‍ഹിറ്റാകും.വെയിലിലും കുര്‍ബാനിയിലും ചാനു അഭിനയിക്കും,
എന്നിട്ട് നമ്മളൊക്കെ പ്രതീക്ഷിച്ച പോലെ, സ്വപ്നം കണ്ടപോലെ ഒരാളായി അവന്‍ മാറും..അതു കണ്ട് ഇക്കായുടെ മനസ്സ് നിറയും..പടച്ചോന്‍ ചാനുവിനെ അനുഗ്രഹിക്കട്ടെ!
എന്ന് ഇക്കയുടെ കൂടെ ഒരു പാട് കാലം മിമിക്രി അവതരിപ്പിച്ച, ഇക്കയെ ജ്യേഷ്ഠതുല്യനായി കണക്കാക്കുന്ന സ്വന്തം സുനീഷ് വാരനാട്.
Content Highlights : Scriptwriter Suneesh Varanad Supports Shane Nigam