കളമശ്ശേരി: കളമശ്ശേരി പ്രീമിയർ കവലയിൽ ദേശീയപാതയിൽ അനധികൃതമായി നടത്തിയ സിനിമാ ചിത്രീകരണം മൂലം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതക്കുരുക്കിൽപ്പെട്ടവരും നാട്ടുകാരും സംഘടിച്ചെത്തി പ്രതിഷേധിച്ചതോടെ ചിത്രീകരണം നിർത്തിവെച്ചു. ട്രാഫിക് പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇടപെടാതെ മാറിനിന്നതായി ആക്ഷേപമുണ്ട്.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് പ്രീമിയർ കവലയിൽ ‘സാറ്റ് ലൈറ്റ് ശങ്കർ’ എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അറുപതോളം വാഹനങ്ങളിലായെത്തിയ സംഘം റോഡരികിൽ നിരയായി വാഹനങ്ങൾ പാർക്ക് ചെയ്ത് റോഡ് സൈഡിലായിരുന്നു ഷൂട്ടിങ്. എട്ടരയോടെ കടകൾ തുറക്കാനെത്തിയ കടയുടമകൾ കടകൾക്ക് മുന്നിൽ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾ മാറ്റാനാവശ്യപ്പെട്ടു. എന്നാൽ, ചിത്രീകരണസംഘം ഒരൊറ്റ വാഹനവും മാറ്റിയില്ല.
ഇതോടെ ചെറിയ തോതിൽ വാക്കേറ്റമുണ്ടായി. ഇതോടെ കുറെ വാഹനങ്ങൾ മാറ്റി. ഇവയിൽ പലതും പാർക്ക് ചെയ്തത് ദേശീയ പാതയിലായി. ചിത്രീകരണം കാണാനെത്തിയവരും കൂടിയായപ്പോൾ ദേശീയപാതയിൽ ഗതാഗതക്കുരുക്കായി. ആലുവ ഭാഗത്തേക്കും ഏലൂർ, പാതാളം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകേണ്ട വാഹനങ്ങളൊക്കെ കരുക്കിൽപ്പെട്ടു. വിദ്യാർഥികളുമായി നിരവധി കോളേജ്, സ്കൂൾ വാഹനങ്ങളും ഇതിൽപ്പെട്ടു.
ഇതോടെ ചിത്രീകരണസംഘം പ്രീമിയർ കവലയിലെ ട്രാഫിക് സിഗ്‌നൽ ഓഫാക്കി ചിത്രീകരണം തുടർന്നു. ദേശീയപാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഗതാഗത സ്തംഭിച്ചിട്ടും പരിസരത്തുണ്ടായിരുന്ന ട്രാഫിക് പോലീസുകാർ ഇടപെടാതെ മാറി നിൽക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
തുടർന്ന് യാത്രക്കാരും നാട്ടുകാരും ചിത്രീകരണക്കാരെ ചോദ്യംചെയ്തു. ചിത്രീകരണത്തിന് ബന്ധപ്പെട്ടവരുടെ അനുമതി ഉണ്ടെന്നായിരുന്നു സംഘത്തിലുള്ളവരുടെ നിലപാട്. ട്രാഫിക് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ദേശീയപാതയിൽ ഷൂട്ടിങ്ങിനുള്ള അനുമതി കൊടുത്തിട്ടില്ലെന്നായിരുന്ന മറുപടി.
ഇതോടെ നാട്ടുകാരും മറ്റുള്ളവരും കൂടി പ്രതിഷേധിച്ച് ചിത്രീകരണം നിർത്തിവെപ്പിക്കുകയായിരുന്നു. തുടർന്ന് കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ റോഡിലാണ് തുടർ ചിത്രീകരണം നടന്നത്. ഇതേത്തുടർന്ന് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന എല്ലായിട റോഡുകളിലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ഇര്‍ഫാന്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറ്റ്‌ലൈറ്റ് ശങ്കര്‍. സൂരജ് പഞ്ചോളി, മേഘ്‌ന ആകാശ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
Content Highlights: satellite shankar kochi shooting in national highway causes traffic block Sooraj Pancholi meghna