സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജു എന്ന ചിത്രം പ്രദര്‍നത്തിനെത്തുകയാണ്. റണ്‍ബീര്‍ കപൂര്‍ നായകനായെത്തുന്ന ഈ ചിത്രം സഞ്ജയ് ദത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് സഞ്ചരിക്കുന്നത്.
മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സഞ്ജയുടെ ജീവിതത്തില്‍ ഒരുപാട് താളപ്പിഴകള്‍ സൃഷ്ടിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്; ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ് എന്ന പുസ്തകം വലിയ ചര്‍ച്ചയാകുന്നതും അതുകൊണ്ടു തന്നെയാണ്. യാസെര്‍ ഉസ്മാന്‍ എഴുതിയ ഈ പുസ്തകം ഏറെ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
സഞ്ജയും നടി ടീന മുനിമും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ആ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 1981 ല്‍ പുറത്തിറങ്ങിയ റോക്കിയുടെ സെറ്റില്‍ വച്ചാണ് ടിനയും സഞ്ജയും പ്രണയത്തിലാകുന്നത്. എന്നാല്‍ ആ ബന്ധം ഏറെക്കാലം നീണ്ടുനിന്നില്ല. മയക്കുമരുന്നിനും മദ്യത്തിനും അടിമയായ സഞ്ജയുമായുള്ള ബന്ധം ടിന വേണ്ടെന്നു വയ്ച്ചു.
''ടിന പ്രണയം അവസാനിപ്പിച്ച് പോയത് സഞ്ജയിനെ ആകെ തളര്‍ത്തി. അങ്ങനെ ഒരിക്കല്‍ 1982 ല്‍ സഞ്ജയുടെ വീട്ടില്‍ നിന്ന് അയല്‍ക്കാര്‍ നിറയൊഴിക്കുന്നതിന്റെ ഒച്ച കേട്ടു. സംഭവ സ്ഥലത്ത് അവര്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് മദ്യപിച്ച് അവശനായി കിടക്കുന്ന സഞ്ജയിനെയാണ്. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. 'ഞാന്‍ മയക്കുമരുന്നിന് അടിമയല്ല, ഞാന്‍ അതെല്ലാം ഉപേക്ഷിച്ചു. എല്ലാവരും എന്തുകൊണ്ടാണ് എന്നെ ഭയപ്പെടുന്നത്' എന്ന് ചോദിച്ച് സഞ്ജയ് അലറി കരഞ്ഞു.
ഒരു സിനിമയുടെ ചിത്രീകരണത്തിനായി സിംഗപ്പൂര്‍ പോയതായിരുന്നു ടിന. ഷൂട്ടിംങ് കഴിഞ്ഞ് എല്ലാവരും തിരികെ വന്നു, പക്ഷേ ടിന മാത്രം ഇന്ത്യയിലേക്ക് മടങ്ങിയില്ല. മാത്രമല്ല അവര്‍ സഞ്ജയിനെ ഫോണില്‍ വിളിച്ചതുമില്ല. ടിന അകലം പാലിക്കുന്നത് സഞ്ജയിനെ അസ്വസ്ഥനാക്കി. താന്‍ തിരസ്‌കരിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ സഞ്ജയ് പിന്നീട് ഭ്രാന്തനെപ്പോലെ പെരുമാറാന്‍ തുടങ്ങി''- സഞ്ജയ് ദത്ത്; ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയില്‍ പറയുന്നു.