സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി ഒരുക്കിയ സഞ്ജു ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. യുവതാരം രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സഞ്ജു കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിയുടെ വാക്കുകള്‍ ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. മുംബൈ സ്‌ഫോടനക്കേസില്‍ സഞ്ജയ് ദത്തിന് പങ്കില്ലെന്ന് അന്തരിച്ച ശിവസേന തലവന്‍ ബാല്‍ താക്കറെ ഒരിക്കല്‍ തന്നോട് പറഞ്ഞുവെന്ന് ഗഡ്ക്കരി വെളിപ്പെടുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സഞ്ജു ഞാന്‍ കണ്ടു. മികച്ച സിനിമയാണ്. മാധ്യമങ്ങളും പോലീസും നിയമവ്യവസ്ഥയും ഒരാളെ എങ്ങനെ ദോഷകരമായി ബാധിക്കും എന്ന് ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു. സുനില്‍ ദത്തിനെയും അദ്ദേഹത്തിന്റെ മകനെയും എത്രമാത്രം ബാധിച്ചുവെന്ന് മനസ്സിലാക്കിത്തരുന്നു-റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു പേനയുടെ ശക്തി ആറ്റം ബോബിനേക്കാള്‍ വലുതാണ്. ഒരു വ്യക്തിയെക്കുറിച്ച് എഴുതുമ്പോള്‍ മാധ്യമങ്ങൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്-ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.
1993 മാര്‍ച്ച് 12-നാണ് മുംബൈയുടെ തന്ത്രപ്രധാനങ്ങളായ ഇടങ്ങളില്‍ ഒരേസമയം ബോംബ് സ്ഫോടനങ്ങള്‍ നടക്കുന്നത്. ലോകം ഞെട്ടിയ സംഭവം. 'സഞ്ജയ് ദത്തിന്റെ കൈയില്‍ എ.കെ. 56 തോക്കുണ്ടായിരുന്നു' എന്ന വാര്‍ത്ത 'ദി ഡെയ്ലി' പത്രത്തില്‍ ബല്‍ജിത് ബ്രേക്ക് ചെയ്യുന്നത് കൃത്യം ഒരു മാസത്തിനുശേഷമാണ്. അന്ന് സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്ത് മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തിലെ എം.പിയാണ്. 'ആതിഷ്' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മൗറീഷ്യസില്‍ പോയതായിരുന്നു ദത്ത്.
ബല്‍ജിത്തിന്റെ വാര്‍ത്ത വന്നതോടെ സഞ്ജയ് ദത്ത്വാര്‍ത്തകളുടെ ഒഴുക്കായിരുന്നു. അറസ്റ്റിലായ ദത്തിന് തന്റെ പിതാവിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍നിന്നും ഒരു സഹായവും ലഭിച്ചില്ല. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി പവാറിനെ കാണാന്‍ കോണ്‍ഗ്രസ് എം.പി. കൂടിയായ സുനില്‍ ദത്തിന് അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ മൂന്നുമണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്നു.
1995-ല്‍ ശിവസേന അധികാരത്തില്‍ വന്നശേഷം ബാല്‍ താക്കറെയാണ് ദത്തിന് ജാമ്യം ലഭിക്കാന്‍ സഹായിച്ചത്. തന്റെ പിതാവിന്റെ പാര്‍ട്ടിയില്‍ നിന്നും ദത്ത് അകലം പാലിക്കാന്‍ കാരണമായതും ഇതാണ്. പിന്നീട് നിരോധിക്കപ്പെട്ട ആയുധം കൈയില്‍വെച്ചതിന് ദത്തിന് അഞ്ചുവര്‍ഷം ജയിലില്‍ കിടക്കേണ്ടിവന്നു എന്നത് വസ്തുത.
Content Highlights: sanjay dutt sanju movie bal thackeray nithin gadkari minister revelation rajkumar hirani