രൺബീർ കപുറിന്റെ 'സഞ്ജു' ബോക്‌സ് ഓഫീസിൽ സർവകാല റെക്കോഡുകളും തകർത്ത് മുന്നേറുകയാണ്. ആദ്യ മൂന്നുദിവസത്തിനുള്ളിൽ ചിത്രം 120 കോടിയാണ് വാരിയത്. ഏഴാംദിവസം പിന്നിടുമ്പോൾ 200-ഉം കടന്ന് മറ്റൊരു റെക്കോഡിലേക്ക് ഓടിയടുക്കുകയാണ്. എന്നും വെള്ളിത്തിരയിൽ വമ്പൻ കളക്ഷൻ നേടുന്ന സൽമാൻ ഖാൻ ചിത്രത്തെ പിന്നിലാക്കിയാണ് രൺബീറിന്റെ ഈ ഓട്ടം എന്നതാണ് മറ്റൊരു പ്രത്യേകത. സൽമാന്റെ 'റേസ്-3' 100 കോടി കളക്ട് ചെയ്തതേയുള്ളൂ. റിലീസ് ചെയ്ത് മൂന്നാംദിനം (ആദ്യ ഞായറാഴ്ച) ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രവുമായി മാറി 'സഞ്ജു'. 46.71 കോടിയായിരുന്നു ആ ദിവസം നേടിയത്. ബാഹുബലിയെ (46.50) ആണ് സഞ്ജു മറികടന്നത്.
രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സഞ്ജയ് ദത്തിന്റെ ജീവിതകഥയാണ് പറയുന്നതെങ്കിലും ഇതിൽ ദത്ത് എവിടെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. സിനിമ കണ്ടവർ മാത്രമല്ല ബോളിവുഡും ദത്തുമായി ബന്ധപ്പെട്ടവരുമെല്ലാം ഉന്നയിക്കുന്ന ചോദ്യമാണിത്. ലഹരിമരുന്നിന് അടിമപ്പെട്ട്, വിവാദമായി മാറിയ പല ബന്ധങ്ങളിലുംപെട്ട, പല കുറ്റകൃത്യങ്ങളിലുംപെട്ട ദത്തിനെ ചിത്രത്തിൽ കാണാനേയില്ല. ഇതൊക്കെ വെറും അപവാദങ്ങൾ മാത്രമാക്കി ദത്തിനെ വെള്ളപൂശിക്കൊണ്ടൊരുക്കിയ ഒരു ചിത്രമായി മാത്രമാണ് ഇതിനെ നല്ലൊരു ശതമാനവും കാണുന്നത്. സഞ്ജയ് ദത്ത് സ്‌ഫോടനക്കേസിൽ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അധോലോകബന്ധത്തെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്ത മുംബൈയിലെ മുതിർന്ന ക്രൈം റിപ്പോർട്ടർ ബൽജിത് പാർമർ തന്റെ ഫേസ്ബുക്കിൽ കുറിച്ചതും ഇതുതന്നെ. താൻ എന്തുകൊണ്ട് ഈ ചിത്രം കാണുന്നില്ല എന്നദ്ദേഹം വിവരിക്കുന്നുണ്ട്.
1993 മാർച്ച് 12-നാണ് മുംബൈയുടെ തന്ത്രപ്രധാനങ്ങളായ ഇടങ്ങളിൽ ഒരേസമയം ബോംബ് സ്‌ഫോടനങ്ങൾ നടക്കുന്നത്. ലോകം ഞെട്ടിയ സംഭവം. 'സഞ്ജയ് ദത്തിന്റെ കൈയിൽ എ.കെ. 56 തോക്കുണ്ടായിരുന്നു' എന്ന വാർത്ത 'ദി ഡെയ്‌ലി' പത്രത്തിൽ ബൽജിത് ബ്രേക്ക് ചെയ്യുന്നത് കൃത്യം ഒരു മാസത്തിനുശേഷമാണ്. മാഹിം പോലീസ് സ്റ്റേഷനിലെ നിത്യസന്ദർശനത്തിനിടെ ഒരു ഐ.എ.എസ്. ഓഫീസർ ബൽജിത്തിനോട് പറഞ്ഞു. നിങ്ങളുടെ എം.പി.യുടെ മകനും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടല്ലോ എന്ന്. ഏത് എം.പി.യെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് ബൽജിത്തിന് മനസ്സിലായില്ല. പിന്നീട് കേസന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥനിൽനിന്നും തന്ത്രത്തിൽ കൈക്കലാക്കിയതാണ് ഈ വിവരം. കേസിലുൾപ്പെട്ട എം.പി.യുടെ മകനെ നിങ്ങൾക്ക് അറസ്റ്റ് ചെയ്യാൻ കഴിയുമോ എന്നൊരു ചോദ്യം അദ്ദേഹത്തോട് ചോദിച്ചു. അയാൾ മൗറീഷ്യസിൽ ഷൂട്ടിങ്ങിലാണെന്നും വന്നാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നുമായിരുന്ന ഉദ്യോഗസ്ഥന്റെ മറുപടി. അന്ന് സഞ്ജയ് ദത്തിന്റെ പിതാവ് സുനിൽ ദത്ത് മുംബൈ നോർത്ത് ഈസ്റ്റ് മണ്ഡലത്തിലെ എം.പി.ആണ്. 'ആതിഷ്' എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോയതായിരുന്നു ദത്ത്. പോലീസ് പുറത്ത് കൊണ്ടുവന്ന ഈ അധോലോകബന്ധമൊന്നും കാര്യമായി ചിത്രത്തിലില്ല. ദത്തിന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ സിനിമകണ്ട് വെറുതെ എന്തിന് സമയംകളയണം എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ബൽജിത് പാർമർ ചോദിക്കുന്നത്.
ബൽജിത്തിന്റെ വാർത്ത വന്നതോടെ സഞ്ജയ് ദത്ത്‌വാർത്തകളുടെ ഒഴുക്കായിരുന്നു. അറസ്റ്റിലായ ദത്തിന് തന്റെ പിതാവിന്റെ പാർട്ടിയായ കോൺഗ്രസിൽനിന്നും ഒരു സഹായവും ലഭിച്ചില്ല. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി പവാറിനെ കാണാൻ കോൺഗ്രസ് എം.പി. കൂടിയായ സുനിൽ ദത്തിന് അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിൽ മൂന്നുമണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്നു. 1995-ൽ ശിവസേന അധികാരത്തിൽ വന്നശേഷം ബാൽ താക്കറെയാണ് ദത്തിന് ജാമ്യം ലഭിക്കാൻ സഹായിച്ചത്. തന്റെ പിതാവിന്റെ പാർട്ടിയിൽനിന്നും ദത്ത് അകലംപാലിക്കാൻ കാരണമായതും ഇതാണ്. പിന്നീട് നിരോധിക്കപ്പെട്ട ആയുധം കൈയിൽവെച്ചതിന് ദത്തിന് അഞ്ചുവർഷം ജയിലിൽ കിടക്കേണ്ടിവന്നു എന്നത് വസ്തുത.
'സഞ്ജു' എന്ന സിനിമയിൽ ദത്തിന്റെ വഴിവിട്ടജീവിതത്തിൽ വന്നുകയറിയ നായികമാരെക്കുറിച്ചും കാര്യമായ പരാമർശമില്ല. സഞ്ജയ് ദത്തിന്റെ ആദ്യ ഭാര്യയും നടിയുമായ റിച്ചാ ശർമ, ആദ്യ കാമുകിയും നടിയുമായ ടിനാ മുനീം, പിന്നീട് കടന്നുവന്ന മാധുരി ദീക്ഷിത്, രണ്ടാംഭാര്യയായ റിയാ പിള്ള, മകൾ തൃഷാല എന്നിവരൊന്നും ഈ ചിത്രത്തിലില്ല. ഇതൊക്കെ ദത്തിനെ മോശക്കാരനാക്കിയേക്കും എന്നതാണ് സംവിധായകനെ വേറൊരു വഴിയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്. ചിത്രം കണ്ട് മകൾ തൃഷാലയും റിയാ പിള്ളയുമൊക്കെ ഞെട്ടുകതന്നെ ചെയ്തു. ശക്തമായി ഇവർ പ്രതികരിക്കുകയുമുണ്ടായി.
സംഭവബഹുലമായിരുന്നു ബോളിവുഡ് 'ബാബ' എന്ന് സ്നേഹപൂർവം വിളിച്ചിരുന്ന സഞ്ജയ് ദത്തിന്റെ ജീവിതം. എന്നാൽ സത്യസന്ധതയുടെ അംശങ്ങൾ വെട്ടിക്കളഞ്ഞ 'സഞ്ജു' ബോക്‌സ് ഓഫീസിൽ പണം വാരുകയാണ്. ചിത്രത്തിൽ ആകെ എടുത്തുപറയാനുള്ളത് രൺബീർ കപുറിന്റെ മികച്ച പ്രകടനം മാത്രം. രൺബീറിന്റെയും ദത്തിന്റെയും ആരാധകർ ഒന്നിച്ചെത്തുന്നതാകാം സൽമാൻ ഖാൻ പിൻസീറ്റിലേക്ക് തള്ളപ്പെട്ടത്.