ദുബായ് : സഞ്ജയ് ദത്ത് കേന്ദ്രകഥാപാത്രമാകുന്ന ''പ്രസ്ഥാനം'' യു.എ.ഇയിലും റിലീസ് ചെയ്യും. ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയിയുടെ ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്കാണ് ചിത്രത്തിന്റെ യു.എ.ഇ വിതരണാവകാശം സ്വന്തമാക്കിയത്. ബല്‍ദേവ് പ്രതാപ് സിംങ് എന്ന രാഷ്ട്രീയക്കാരനായാണ് സഞ്ജയ് ദത്ത് ചിത്രത്തില്‍ എത്തുന്നത്. സഞ്ജയ് ദത്തിന്റെ മക്കളായി അലി ഫൈസലും, സത്യജിത് ദൂബെയും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ ഭാര്യയായി മനീഷ കൊയരാളയും എത്തുന്നുണ്ട്. ഒരു ദശാബ്ദക്കാലത്തിനു ശേഷം ഇരുവരും ഒന്നിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബാദ്ഷാ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ജാക്കി ഷ്റോഫും ചിത്രത്തിലെത്തുന്നു. ജാക്കി ഷ്റോഫിന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണിതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. 2010 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് പ്രസ്ഥാനം. ദേവ കത്തയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്താണ് നിര്‍മ്മാണം.
സഞ്ജയ് എസ് ദത്ത് പ്രൊഡക്ഷന്റെ ആദ്യ മെഗാ ബഡ്ജറ്റ് ചിത്രം കൂടിയാണിത്. സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിച്ച ആദ്യ മറാത്തി ചിത്രം ബാബ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്തിരുന്നു. ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് തന്നെയാണ് ചിത്രം ദക്ഷിണ കൊറിയയിലും വിതരണത്തിനെത്തിച്ചത്. നിലവില്‍ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്റ് , മിഡില്‍ ഈസ്റ്റ് തുടങ്ങി 40 രാജ്യങ്ങളില്‍ ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് ചിത്രങ്ങള്‍ വിതരണത്തിനെത്തിക്കുന്നുണ്ട്.
Content Highlights : Sanjay Dutt Movie Prassthanam Indywood Sohan Roy
Share this Article
Related Topics