ഇക്കഴിഞ്ഞ ജനുവരി 29ന് മുംബൈ പോലീസിന്റെ ഫോണ്‍കോള്‍ ലഭിച്ചപ്പോള്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഒന്ന് ഞെട്ടി. മുംബൈയിലെ ഒരു അറുപത്തിരണ്ടുകാരിയുടെ മരണവിവരം പറയാനായിരുന്നു പോലീസ് വിളിച്ചത്.
മരിച്ച മലബാര്‍ ഹില്ലിലെ താമസക്കാരിയായ നിഷി ഹരിഷ്ചന്ദ്ര ത്രിപാഠി എന്ന സ്ത്രീയെ സഞ്ജയ് ദത്തിന് അറിയില്ല. എന്നാല്‍ ദത്തിന്റെ കടുത്ത ആരാധികയായ നിഷ മരിച്ചത് തന്റെ പേരിലുള്ള കോടിക്കണക്കിന് രൂപ വരുന്ന സ്വത്തെല്ലാം പ്രിയതാരത്തിന്റെ പേരില്‍ എഴുതിവച്ചാണ്. ഇക്കാര്യം അറിയിക്കാനാണ് പോലീസ് സഞ്ജയ് ദത്തിനെ വിളിച്ചത്.
അറുപത്തിരണ്ടുകാരിയായ നിഷ സ്വത്ത് സഞ്ജയ് ദത്തിന് എഴുതിനല്‍കുന്നത് സംബന്ധിച്ച് നിരവധി തവണ ബാങ്ക് ഓഫ് ബറോഡയുടെ വാക്കോഷ്‌വര്‍ ശാഖയിലേയ്ക്ക് കത്തെഴുതിയിരുന്നു. ബന്ധുക്കളാണ് ബാങ്കുമായി നടത്തിയ കത്തിടപാടുകള്‍ മരണശേഷം കണ്ടെടുത്തത്.
അവിവാഹിതയായ നിഷ എണ്‍പതു വയസ്സുള്ള അമ്മയ്ക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം മലബാര്‍ ഹില്ലിലെ ത്രിവേണി അപ്പാര്‍ട്ട്‌മെന്റിലെ ഒരു മൂന്ന് മുറി ഫഌറ്റിലാണ് താമസിച്ചുവരുന്നത്. ഈ ഫ്ലാറ്റടകം ഏതാണ്ട് പത്ത് കോടി രൂപയുടെ ആസ്തിയാണ് നിഷയ്ക്ക് ഉണ്ടായിരുന്നത്.
മരണാനന്തരം നടന്ന പ്രാര്‍ഥനായോഗത്തിനുശേഷമാണ് കുടുംബത്തിന് നിഷ സ്വത്തെല്ലാം സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതിവച്ച വിവരം അറിഞ്ഞത്. മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അവര്‍ സ്വത്ത് ദത്തിന് എഴുതിവച്ചത്. സഞ്ജയ് ദത്തിന്റെ പേരാണ് അവര്‍ നോമിനിയായി ബാങ്കിന് എഴുതിനല്‍കിയത്.
എന്നാല്‍, ഈ സ്വത്തിലെ ഒരു കാശും തനിക്ക് വേണ്ടെന്ന് സഞ്ജയ് ദത്ത് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. സ്വത്ത് നിഷയുടെ കുടുംബത്തിന് തിരിച്ചുകൊടുക്കാനുള്ള ഒരുക്കത്തിലാണ് ദത്ത്.
ആരാധകര്‍ അവരുടെ കുട്ടികള്‍ക്ക് ഞങ്ങളുടെ പേരിടുന്നതും ഞങ്ങൾക്ക് സമ്മാനങ്ങള്‍ നല്‍കുന്നതുമെല്ലാം സാധാരണമാണ്. എന്നാല്‍, ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണ്. എന്തായാലും ആ സ്വത്ത് എനിക്ക് വേണ്ട. അത് ഞാന്‍ അവരുടെ കുടുംബത്തിന് തിരിച്ചുനല്‍കുകയാണ്-കൊല്‍ക്കത്തയില്‍ ഗാങ്‌സ്റ്റര്‍ 3യുടെ ചിത്രീകരണത്തിന്റെ തിരക്കിനിടയില്‍ ദത്ത് പറഞ്ഞു.
Content Highlights: Sanjay Dutt Fan Nishi Harishchandra Tripathi Bank of Baroda Bollywood