സഞ്ജയ് ദത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി നിര്‍മിച്ച മറാത്തി ചിത്രം ബാബ ദക്ഷിണകൊറിയയില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഇന്‍ഡിവുഡ് ഫിലിം ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വർക്കാണ് ചിത്രം റിലീസിനെത്തിക്കുന്നത്. ഓഗസ്റ്റ് 24-നാണ് ചിത്രത്തിന്റെ റിലീസ്. ഇതാദ്യമായാണ് ഒരു മറാത്തി ചിത്രം ദക്ഷിണ കൊറിയയില്‍ പ്രദര്‍ശനത്തിനെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഓഗസ്റ്റ് രണ്ടിന് ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയിരുന്നു.
ഒരു സാധാരണ മറാത്തി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ദീപക് ഡോബ്രിയാണ് നായകന്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് ബാലതാരം ആര്യന് മേഘ്ജിയും കയ്യടി നേടിയിരുന്നു. രാജ് ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം. നന്ദിത ധുരി, അഭിജിത് ഖണ്ട്ഖേക്കര്‍, സ്പ്രുഹ ജോഷി, ചിത്തരഞ്ജന് ഗിരി, ജയന്ത് വാഡ്കര്, ശൈലേഷ് ഡാത്താര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്തമായ ഗോള്‍ഡന്‍ ഗ്ലോബിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഹോളിവുഡ് സംവിധായകന് സോഹന്‍ റോയ് നേതൃത്വം നല്കുന്ന പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായുള്ള ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് ദക്ഷിണകൊറിയയില്‍ വിതരണത്തിനെത്തിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബാബ. മലയാള ചിത്രം ഉയരെയാണ് ഇതിനു മുമ്പ് ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് കൊറിയയില്‍ വിതരണത്തിനെത്തിച്ചത്.
കലാമൂല്യമുള്ള റിയലിസ്റ്റിക് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ലോകമെമ്പാടും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് നിലവില്‍ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലന്റ് , മിഡില്‍ ഈസ്റ്റ് തുടങ്ങി 40 രാജ്യങ്ങളില്‍ ചിത്രങ്ങള്‍ വിതരണത്തിനെത്തിക്കുന്നുണ്ട്.
Content Highlights: Sanjay Dutt baba Marathi cinema to be released in South Korea Indywood, Raj Gupta, Deepak Dobriyal