മലയാള സിനിമയുടെ നിത്യഹരിതനായകനെ പ്രണയാര്‍ദ്രമായി പുഞ്ചിരിയോടെ നോക്കി നില്‍ക്കുന്ന യുവനടി സാനിയ ഇയ്യപ്പന്‍. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത കിടിലന്‍ മേക്കേവറാണ് സാനിയ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ ജൂലായ് ലക്കം കവര്‍ ഷൂട്ടിനായി നടത്തിയിരിക്കുന്നത്. മലയാള സിനിമയിലെ പ്രണയകാവ്യത്തെ അടയാളപ്പെടുത്തുകയാണ് മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ ജൂലായ് ലക്കം.
ആര്‍ട്ടിസ്റ്റ് മദനന്‍ തയ്യാറാക്കിയ മലയാളത്തിലെ നിത്യഹരിതനായകന്റെ പെയിന്റിങ്ങും മലയാളത്തിലെ പുതുതലമുറയിലെ നായിക സാനിയ ഇയ്യപ്പന്റെ ഫോട്ടോഷൂട്ടും ചേര്‍ന്ന് തയ്യാറാക്കിയ പ്രത്യേക കവര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. വായക്കാര്‍ക്കായി മലയാള സിനിമയിലെ പ്രണയാനുഭവങ്ങള്‍ തുറന്നിടുന്ന ഒരുപാട് വിഭവങ്ങളാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ ജൂലായ് ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മലയാള സിനിമയിലെ പ്രേമകാവ്യംപോലെ പിറന്ന് തലമുറകള്‍ കൈമാറിയ 25 സിനിമകളെക്കുറിച്ച് എഴുത്തുകാരനായ വി.ആര്‍. സുധീഷ് എഴുതുന്നു. പ്രേക്ഷകര്‍ ആഘോഷിച്ച ഉള്ളുലയ്ക്കുന്ന ചലച്ചിത്രാനുഭവങ്ങളായ നീലക്കുയിലും ചെമ്മീനും ചാമരവും തൂവാനത്തുമ്പിയും ഒരേ കടലും പ്രണയവും അവിടെ നിറഞ്ഞ് നില്‍ക്കുന്നു.കാലം മാറുമ്പോഴും ഓരോ കേള്‍വിയിലും ആസ്വാദക ഹൃദയങ്ങളില്‍ അനുരാഗമധുരങ്ങള്‍ നിറച്ച മികച്ച 25 പ്രണയഗാനങ്ങള്‍ സംഗീതനിരൂപകനായ രവി മേനോന്‍ തിരഞ്ഞെടുക്കുന്നു.
ഭാവനയും ഈണവും സ്വപ്നവും വിരഹവും ആരാധനയും ചേര്‍ന്ന പ്രണയത്തിന്റെ ഉത്സവങ്ങളാണ് ഓരോ ഗാനവും. ആ ഗാനങ്ങളോരോന്നും നമ്മളെ കാലങ്ങള്‍ക്കപ്പുറത്തേക്ക് പറത്തും, ചിലപ്പോള്‍ ജൂണിലെ നിലാമഴയില്‍ കുളിര്‍പ്പിക്കും... ആരാധകഹൃദയം കവര്‍ന്ന പ്രണയ ജോഡികള്‍ക്കൊപ്പം സിനിമയിലും ജീവിതത്തിലും ഒന്നിച്ചവര്‍ ഈ ലക്കത്തിന്റെ ഭാഗമാകുകയാണ്.പ്രണയചിത്രങ്ങളുടെ സംവിധായകന്‍ കമല്‍, പ്രേമം സിനിമാതാരം അനുപമ പരമേശ്വരന്‍, ബോളിവുഡ് ഡ്രീം ഗേള്‍ അലിയ ഭട്ട് എന്നിവരും ഈ പ്രണയപ്പതിപ്പിന്റെ ഭാഗമാകുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ ജൂലായ് ലക്കത്തിന്റെ കവര്‍ ഷൂട്ട് വീഡിയോ കാണാം.
saniya iyyappan photo shoot video, prem nazir, star and style cover, malayalam evergreen movies