അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടയില്‍ ഇപ്പോള്‍ പാകിസ്താനിലെ ചൂടേറിയ ചര്‍ച്ച ഇതാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിതകഥ പറയുന്ന സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രം പാകിസ്താന്‍കാര്‍ക്ക് കാണാനാവുമോ?
ലോകം മുഴുവന്‍ ഇന്ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തപ്പോള്‍ പാകിസ്താനില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല.
ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിത്രത്തിന്റെ വിതരണച്ചുമതല വഹിക്കുന്ന അനില്‍ തഡാനി പറഞ്ഞു. സാധാരണ നിലയില്‍ പാകിസ്താനില്‍ നിന്നുള്ള വിതരണക്കാര്‍ ചിത്രം ആവശ്യപ്പെടുകയാണ പതിവ്. എന്നാല്‍, ഇത്തവണ അതുണ്ടായിട്ടില്ല. ആരും ഇതുവരെ ചിത്രത്തിന്റെ പ്രിന്റ് ആവശ്യപ്പെട്ടിട്ടില്ല-അനില്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടിക്കഴിഞ്ഞാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നാണ് പാകിസ്താനിലെ തിയേറ്റര്‍ ഉടമകളുടെ നിലപാട്. ബാഹുബലിയും ഹാഫ് ഗേള്‍ഫ്രണ്ടും പ്രദര്‍ശിപ്പിക്കാമെങ്കില്‍ സച്ചിന്റെ സിനിമയ്ക്കും തടസ്സമൊന്നും ഉണ്ടാവാന്‍ വഴിയില്ല-പാകിസ്താന്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സൊവാരിസ് ലാഷരി പറഞ്ഞു.
പാകിസ്താനിലെ തിയേറ്ററകളുടെ പ്രധാന വരുമാനമാര്‍ഗം ഇന്ത്യന്‍ സിനിമകളാണ്. പാകിസ്താനില്‍ പ്രദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ സിനിമകളെല്ലാം നല്ല പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയത്-ലാഷരി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശിഥിലമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ഫിബ്രവരിയിലാണ് ഈ വിലക്ക് നീക്കിയത്. പാക് കലാകാരന്മാര്‍ക്ക് ബോളിവുഡ് സിനിമകളില്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടിക്കുള്ള മറുപടിയായിട്ടായിരുന്നു ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനിലും വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഈ നടപടി പാക് സിനിമാ മേഖലയ്ക്ക് സാമ്പത്തികമായി വന്‍ തിരിച്ചടിയായി. ഇതിനെ തുടര്‍ന്ന് വിതരണക്കാര്‍ സമ്മര്‍ദം ചെലുത്തിയാണ് സര്‍ക്കാരിനെക്കൊണ്ട് വിലക്ക് മാറ്റിച്ചത്. എന്നാല്‍, ഇപ്പോഴും ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ കടുത്ത നടപടിക്രമങ്ങള്‍ മറികടക്കണം. വാണിജ്യ മന്ത്രാലയത്തിന്റെ അനുമതി കൂടി ഉണ്ടെങ്കിലെ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയൂ.
വിലക്ക് നീങ്ങിയശേഷം എത്തിയ ഇന്ത്യന്‍ സിനിമകളെല്ലാം തന്നെ തിയേറ്ററുകളില്‍ നിന്ന് പണം വാരുന്നതാണ് കണ്ടത്. ഇന്ത്യയെപ്പോലെ ക്രിക്കറ്റ് ജ്വരം തലയ്ക്കുപിടിച്ച പാകിസ്താനില്‍ സച്ചിന്റെ ജീവിതകഥ പറയുന്ന ചിത്രം നല്ല പ്രതികരണം ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. ഇതിനിടയിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നത്.