മലയാള നടന്‍ നീരജ് മാധവും ബോളിവുഡ് താരം മനോജ് ബാജ്‌പേയിയും മുഖ്യവേഷത്തിലെത്തുന്ന ദ ഫാമിലി മാന്‍ വെബ് സീരീസിനെതിരേ ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ. സീരിസിന്റെ ചില എപ്പിസോഡുകള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതാണെന്നാണ് മാസികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത്.
സീരീസിലെ എന്‍.ഐ.എ ഉദ്യോഗസ്ഥയായ ഒരു കഥാപാത്രം, കശ്മീരിലെ ജനങ്ങളെ അഫ്‌സ്പ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സ്റ്റേറ്റ് അടിച്ചമര്‍ത്തുകയാണെന്ന് പറയുന്നുണ്ടെന്നും തീവ്രവാദികളും ഭരണകൂടവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് എന്ന് ചോദിക്കുന്നതായും ലേഖനത്തില്‍ പറയുന്നു.
2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിന് ശേഷമാണ് ഭീകരവാദം ഉണ്ടായതെന്ന് സിരീസ് സൂചിപ്പിക്കുന്നു. കലാപത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടയാള്‍ ഭീകരവാദിയാകുന്നത് സീരീസിലുണ്ട്. അതേസമയം 300 ലധികം ഹിന്ദുക്കള്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെയാരും തീവ്രവാദികളാകാത്തത് എന്തുകൊണ്ടാണെന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്.
സിനിമകള്‍ക്കും സീരിയലുകള്‍ക്കും ശേഷം ഇത് പോലെയുള്ള സീരീസുകളാണ് ദേശവിരുദ്ധതയും ജിഹാദും പ്രചരിപ്പിക്കുന്നതെന്നും മുന്‍പ് പുറത്തിറങ്ങിയ സേക്രഡ് ഗെയിംസ്, ഗൗള്‍ എന്നീ വെബ് സീരീസുകള്‍ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം പരത്തുന്നതാണെന്നും ലോകത്തെ നശിപ്പിക്കാന്‍ ഉതകുന്ന ആരാധനാസമ്പ്രദായമായാണ് ഹിന്ദുമതത്തെ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
തീവ്രവാദികള്‍ക്ക് ദയാനുകമ്പ നേടിക്കൊടുക്കുന്ന ഇത്തരം വെബ്സീരീസുകള്‍ക്ക് പിന്നില്‍ ഇടതുപക്ഷക്കാരും കോണ്‍ഗ്രസ് അനുഭാവികളുമായ നിര്‍മ്മാതാക്കളാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു
Content Highlights : RSS magazine calls Manoj Bajpayee Neeraj Madhav Starrer The Family Man anti-national