കൊച്ചി: പൃഥ്വിരാജിനോടും പാര്‍വതിയോടുമുള്ള വിരോധംമൂലം അവര്‍ അഭിനയിച്ച 'മൈ സ്റ്റോറി' എന്ന സിനിമയ്ക്കെതിരേ സൈബര്‍ ലോകത്ത് വ്യാപക കുപ്രചാരണം നടക്കുകയാണെന്ന് സംവിധായിക റോഷ്‌നി ദിനകര്‍. 18 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം ഒരുവിധത്തിലാണ് റിലീസ് ചെയ്തതെന്ന് അവര്‍ പറഞ്ഞു. അമേരിക്കയിലായതിനാല്‍ പാര്‍വതിയും, തിരക്കിലായതിനാല്‍ പൃഥ്വിരാജും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കുടുംബമായി കാണാന്‍ കൊള്ളാത്ത സിനിമയെന്നാണ് കുപ്രചാരണം. പാര്‍വതിയെക്കുറിച്ചാണ് കൂടുതല്‍ അധിക്ഷേപം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത് മമ്മൂട്ടിയായിരുന്നു. എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ട്രെയിലറുകള്‍ നീക്കം ചെയ്തായിരുന്നു ആദ്യനീക്കം.
മുന്‍നിര താരങ്ങളുടെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുമായി സംസാരിച്ചു. അവരാരും ചിത്രത്തിനെതിരേ ഒന്നും ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. പിന്നെയാരാണ് ഇതിനുപിന്നില്‍. താന്‍ ഒരു സംഘടനയിലും അംഗമല്ല.
വിഷയം ഡബ്ല്യു.സി.സി.യുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിനെതിരേ വ്യാപകമായി സൈബര്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ ഫെഫ്കയിലും െബംഗളൂരുവില്‍ സൈബര്‍ സെല്ലിലും പരാതി നല്‍കിയതായി റോഷ്‌നി പറഞ്ഞു. വ്യാജ പ്രചാരണങ്ങള്‍ക്കിടയിലും സിനിമയ്ക്ക് നല്ല റേറ്റിങ് ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ കൂടിയായ റോഷ്‌നി ആദ്യമായി നിര്‍മിച്ച് സംവിധാനം ചെയ്ത ചിത്രം മൂന്നുദിവസം മുമ്പാണ് പുറത്തിറങ്ങിയത്.
നേരത്തെ കസബ വിവാദത്തിന്റെ പേരില്‍ നടി പാര്‍വതിക്ക് നേരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ പാര്‍വതി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് നേരെയും തിരിഞ്ഞപ്പോള്‍ ഏറെ ആക്രമിക്കപ്പെട്ട ചിത്രമാണ് മൈ സ്റ്റോറി. ചിത്രത്തിലെ ഗാനങ്ങള്‍ക്കും ടീസറുകള്‍ക്കും ഡിസ്‌ലൈക്കുകള്‍ നല്‍കിയാണ് ആരാധകര്‍ രോഷം തീര്‍ത്തത്.
Content Highlights : roshni dinaker my story movie prithviraj parvathy mystory degrading