രൂപ് കി റാണി ചോരോന്‍ ക രാജ. തൊണ്ണൂറുകളിലെ ഏറ്റവും ചെലവേറിയ ബോളിവുഡ് ചിത്രം.
ഇതു മാത്രമല്ല, വിശേഷണങ്ങള്‍ ഏറെയുണ്ടായിരുന്നു 1993ല്‍ പുറത്തിറങ്ങിയ ഈ കോമഡി ത്രില്ലറിന്. ശ്രീദേവിയും അനില്‍ കപൂറും ജാക്കി ഷ്‌റോഫും അനുപം ഖേറുമെല്ലാം മത്സരിച്ച് അഭിനയിച്ച ചിത്രം. പില്‍ക്കാലത്ത് ബോളിവുഡിന് ഹിറ്റുകള്‍ ഏറെ സമ്മാനിച്ച് സതീഷ് കൗശിക്കിന്റെ കന്നി ചിത്രം. പിന്നീട് ശ്രീദേവിയെ വിവാഹം കഴിച്ച ബോണി കപൂറായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. ഗാനങ്ങള്‍ ഒരുക്കിയത് ജാവേദ് അക്തറും ലക്ഷ്മികാന്ത് പ്യാരേലാലും ചേര്‍ന്ന്.
മുന്നിലും പിന്നിലും എടുത്തു പറയാന്‍ വമ്പന്‍ പേരുകളുടെ ഒരു വലിയ നിര തന്നെയുണ്ടായിട്ടും അതിനൊത്ത വിജയം സ്വന്തമാക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. കടുത്ത നിരാശയാണ് അത് അണിയറ പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചത്.
ചിത്രം ഇറങ്ങി ഇരുപത്തിയഞ്ച് വര്‍ഷത്തിനുശേഷം ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. നിര്‍മാതാവും നായികയുടെ ഭര്‍ത്താവുമായ ബോണി കപൂറിനോടായിരുന്നു കൗശിക്കിന്റെ മാപ്പപേക്ഷ.
''ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് ബോക്‌സ് ഓഫീസില്‍ അതൊരു ദുരന്തമായിരുന്നു. പക്ഷേ, അതെന്റെ ആദ്യ ശിശുവാണ്. അതുകൊണ്ട് തന്നെ എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. ഞാനിപ്പോള്‍ ശ്രീദേവി മാഡത്തെ ഓര്‍ക്കുകയാണ്. ഒപ്പം എനിക്കൊരു ബ്രേക്ക് നല്‍കിയ, ഇതുകാരണം ആകെ തകര്‍ന്നുപോയ ബോണി കപൂറിനോട് ക്ഷമയും ചോദിക്കുന്നു''-ചിത്രത്തിന്റെ പോസ്റ്റര്‍ സഹിതം സതീഷ് കൗശിക്ക് ട്വീറ്റ് ചെയ്തു.
സംവിധായകന്റെ ക്ഷമാപണ ട്വീറ്റിനോട് സമ്മിശ്ര പ്രതികരണമായിരുന്നു ട്വിറ്ററില്‍. ചിലര്‍ ഈ ചിത്രം ഒരു പരാജയമായിരുന്നെന്ന് സമ്മതിച്ചപ്പോള്‍ മറ്റു ചിലര്‍ അതിന്റെ സാങ്കേതിക മികവാണ് ചൂണ്ടിക്കാട്ടിയത്. വിജയത്തെപ്പോലെ പരാജയത്തെയും തലയുയര്‍ത്തി സ്വീകരിക്കാനുള്ള സംവിധായകന്റെ മനസ്സിനെയും ചിലര്‍ പ്രകീര്‍ത്തിച്ചു.
ശ്രീദേവിയുടെ കരിയറിലെ ഏറ്റവും ചെലവേറിയതും ഏറ്റവും വലിയ പരാജയവുമായ ചിത്രമായാണ് രൂപ് കി റാണി കണക്കാക്കപ്പെടുന്നത്.
ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ ഇന്നും മനസ്സിലുണ്ടെന്നാണ് അനില്‍ കപൂര്‍ പറഞ്ഞത്. ചില പരാജയങ്ങളില്‍ വലിയ ചില വിജയകഥകളുണ്ടെന്നാണ് ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്ത അനുപം ഖേര്‍ പറഞ്ഞത്.
വാസ്തവത്തില്‍ ശേഖര്‍ കപൂറായിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. കപൂര്‍ ഇടയ്ക്ക് വിട്ടുപോയതോടെയാണ് നവാഗതയാന സതീഷ് കൗശിക്കിനെ സംവിധായകനാക്കിയത്.
Content Highlights: Roop Ki Rani Choron Ka Raja debacle SatishKaushik Sridevi AnilKapoor Bollywood Anupam Kher