ഇന്ത്യന്‍ സിനിമയിലെ ഐതിഹാസികമായ 'ആര്‍.കെ. ഫിലിംസ് ആന്‍ഡ് സ്റ്റുഡിയോ' വില്‍ക്കുന്നതില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി സിനിമാലോകവും. ഉടമസ്ഥരായ കപൂര്‍ കുടുംബം സ്റ്റുഡിയോ വില്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സിനിമാപ്രേമികള്‍ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്.
പ്രശസ്ത ചലച്ചിത്ര താരമായ രാജ് കപൂര്‍ മുംബൈയിലെ ചെമ്പൂരില്‍ 1948-ലാണ് ആര്‍.കെ. സ്റ്റുഡിയോ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം 1988 മുതല്‍ മകന്‍ രണ്‍ധീര്‍ കപൂര്‍ സ്റ്റുഡിയോ ഏറ്റെടുത്ത് നടത്തുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഡാന്‍സ് റിയാലിറ്റി ഷോയായ സൂപ്പര്‍ ഡാന്‍സറിന്റെ സെറ്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് സ്റ്റുഡിയോയുടെ ഗ്രൗണ്ട് ഫ്‌ളോര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. ഇനി പുതുക്കിപ്പണിത് നിലനിര്‍ത്തുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നതിനാലാണ് സ്റ്റുഡിയോ വില്‍ക്കുന്നത്.
"ആര്‍.കെ സ്റ്റുഡിയോസിനൊപ്പം ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് ഒരുപിടി ഓര്‍മകളാണ്", രണ്‍ധീര്‍ കപൂര്‍ പറയുന്നു.
സ്റ്റുഡിയോ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഈ കാലഘട്ടത്തില്‍ എത്തിച്ചേരാന്‍ ഏറെ ബുദ്ധിമുട്ടുകളുണ്ടെന്ന് ഋഷി കപൂര്‍ പറയുന്നു.
"തീപിടുത്തത്തില്‍ ആര്‍.കെ സ്റ്റുഡിയോസിന്റെ ഒരുപാട് ശേഷിപ്പുകള്‍ നഷ്ടപ്പെട്ടു. അതൊരിക്കലും തിരിച്ചു കിട്ടുകയില്ല. അവിടേക്കുള്ള റോഡിലെ ഗതാഗത സ്തംഭനം തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. അവിടെ സിനിമകള്‍ ചിത്രീകരിക്കാന്‍ ആരും വരില്ല. ഫിലിംസിറ്റിയില്‍ പോകുന്നതാണ് ഇന്ന് എളുപ്പം. വളരെ ദുഖത്തോടെയാണ് ഞങ്ങള്‍ അത് വില്‍ക്കുന്നത്", ഋഷി കപൂര്‍ പറഞ്ഞു.
സ്റ്റുഡിയോ സ്ഥാപിച്ച് 70 വര്‍ഷങ്ങള്‍ക്കു ശേഷം അത് നിലനിര്‍ത്തുന്നത് ലാഭകരമല്ലാതായി മാറിയതോടെയാണ് വില്‍ക്കുന്നത്. പുതുക്കി പണിഞ്ഞാലും നടത്തി കൊണ്ടു പോകാന്‍ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഈ കടുത്ത തീരുമാനം എടുക്കാനുള്ള കാരണമെന്ന് കപൂര്‍ കുടുംബം വ്യക്തമാക്കുന്നു.