ബോളിവുഡിന്റെ ചരിത്രത്തിൽ നിർണായകമായൊരു സ്ഥാനമുണ്ട് ആർ.കെ. സ്റ്റുഡിയോയ്ക്ക്. എന്നാൽ, ഈ സ്മാരകം ഇനി വെറുമൊരു ഓർമയായി മാറുകയാണ്. ബോളിവുഡിന്റെ ഇതിഹാസം രാജ് കപൂർ സ്ഥാപിച്ച സ്റ്റുഡിയോ വിൽക്കാനുള്ള ഒരുക്കത്തിലാണ് കപൂർ കുടുംബം. മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ രാജ് കപൂറിന്റെ മകൻ ഋഷി കപൂർ തന്നെയാണ് മുംബൈ ചെമ്പൂരിൽ സ്ഥിതി ചെയ്യുന്ന കുടുംബ സ്വത്ത് വിൽക്കുന്ന കാര്യം വെളിപ്പെടുത്തിയത്.
"ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ ഊഷ്മളമായ ബന്ധമാണുള്ളത്. എന്നാൽ, ഞങ്ങളുടെ മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തിൽ എന്താണ് സംഭവിക്കുക എന്നറിയില്ല. അടുത്ത തലമുറയിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്താലോ? മറ്റേതൊരു വ്യവസായ സ്ഥാപനവും ടെക്സ്റ്റൈൽ കമ്പനിയും പോലെ ഇതും കോടതി വ്യവഹാരങ്ങളിലാവും കലാശിക്കുക. കുടുംബകലഹത്തിൽ നിന്ന് അഭിഭാഷകർക്കാവും ലാഭമുണ്ടാവുക. തന്റെ സ്വപ്നം ഇങ്ങനെ കോടതിമുറികളിൽ കെട്ടിക്കിടക്കുന്നത് കാണാൻ അച്ഛൻ ഇഷ്ടപ്പെടുമെന്ന് തോന്നുന്നുണ്ടോ. ഞങ്ങൾക്ക് ആ സ്ഥലത്തോട് വൈകാരികമായ ഒരു അടുപ്പമുണ്ട്. എന്നാൽ, അത് നഷ്ടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു വെള്ളാനയായി മാറിക്കഴിഞ്ഞു-ഋഷി പറഞ്ഞു.
കഴിഞ്ഞ വർഷം ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസർ 2ന്റെ ഷൂട്ടിങ്ങിനിടെ സ്റ്റുഡിയോയിൽ വൻ അഗ്നിബാധ ഉണ്ടായിരുന്നു. ഇൗ അഗ്നിബാധയിൽ അക്കാലത്തെ സൂപ്പർ താരങ്ങളായ നർഗിസ്, വൈജയന്തിമാല എന്നിവർ മുതൽ ഐശ്വര്യ റായി ധരിച്ച കോസ്റ്റ്യൂം വരെ അഗ്നിക്കിരയായതായാണ് റിപ്പോർട്ട്. അഗ്നി വീഴുങ്ങിയ വിലപ്പെട്ട വസ്തുക്കളിൽ മേരാ നാം ജോക്കറിൽ രാജ് കപൂർ ഉപയോഗിച്ച സർക്കസ് കോമാളിയുടെ മുഖംമൂടിയും ആവാര, സംഗം, ബോബി എന്നിവയിൽ ഉപയോഗിച്ച പിയാനോയും ഉൾപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
1948ലാണ് രാജ് കപൂർ ആർ.കെ. ഫിലിംസ് സ്ഥാപിച്ചത്. ആദ്യ ചിത്രമായ ആഗ് ഒരു പരാജയമായിരുന്നെങ്കിലും ബർസാത്ത് മുതൽ വിജയത്തിന്റെ പര്യായമായി മാറുകയായിരുന്നു ഈ സ്റ്റുഡിയോ. ബോളിവുഡിലെ ഇതിഹാസ ചിത്രങ്ങളായ ആവാര, ശ്രീ 420, മേരാ നാം ജോക്കർ, ബോബി എന്നിവയെല്ലാം ചിത്രീകരിച്ചത് ഈ സ്റ്റുഡിയോയിലായിരുന്നു.
Content Highlights: RK Films RK Studio Rishi Kapoor Raj Kapoor Nargis Bollywood