ജഗ്ഗാ ജസൂസ് സംവിധായകൻ അനുരാഗ് ബസുവിനെ പരിഹസിച്ച് നടൻ ഋഷി കപൂർ. ഉത്തരവാദിത്തമില്ലാത്തവൻ എന്നാണ് ഋഷി കപൂർ അനുരാഗ് ബസുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യാനുണ്ടായ കാലതാമസം സംവിധായകന്റെ മാത്രം കുഴപ്പമാണെന്നാണ് അദ്ദേഹം പറയുന്നത്. മകനും ജഗ്ഗാ ജാസൂസ് നായകനുമായ രൺബീർ കപൂർ ചിത്രം പരാജയപ്പെട്ടത് മറന്നുകഴിഞ്ഞെങ്കിലും ഋഷി കപൂറിന്റെ നിരാശ ഇനിയും മാറിയിട്ടില്ലെന്നാണ് പരാമർശങ്ങളിലൂടെ വെളിവാകുന്നത്.
ഗോഥോയെ കാത്ത് എന്ന് പറയുമ്പോലെ നീണ്ടുനീണ്ടു പോയ കാത്തിരിപ്പായിരുന്നു ജഗ്ഗാ ജാസൂസിന് വേണ്ടി പ്രേക്ഷകന്റേതും. രണ്ട് വർഷത്തിനിടെ പല തവണ റിലീസ് മാറ്റിവച്ചു. ഒടുവിൽ ജൂലൈ 14ന് ചിത്രം തിയേറ്ററുകളിലെത്തി.
റിലീസിങ്ങിന് ഒരു ദിവസം മുമ്പാണ് താൻ ചിത്രം കണ്ടതെന്നും അതിന് തൊട്ടുമുമ്പത്തെ ദിവസം മാത്രമാണ് എഡിറ്റിംഗ് ജോലികൾ പൂർത്തിയായതെന്നും ഋഷി കപൂർ പറയുന്നു. ഇങ്ങനെയൊക്കെയാണോ ഉത്തരവാദിത്തമുള്ള സംവിധായകൻ ചെയ്യേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.അനുരാഗ് ബസു മാത്രമല്ല ഇന്നത്തെ പല സംവിധായകരുടെയും പ്രശ്‌നമാണിതെന്നും ഋഷി കപൂർ അഭിപ്രായപ്പെട്ടു.
ന്യൂക്ലിയർ ബോംബാണുണ്ടാക്കുന്നതെന്ന ഭാവമാണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുമ്പോൾ പല സംവിധായകർക്കും ഉള്ളത്. അത്രയ്ക്ക് രഹസ്യമാക്കി വച്ചാണ് കാര്യങ്ങൾ. റീലിസിനു മുമ്പ് ആരെയെങ്കിലും കാണിക്കാനോ വിദഗ്ധാഭിപ്രായം തേടാനോ ആരും തയ്യാറാകുന്നില്ലെന്നും ഋഷി കപൂർ ആരോപിക്കുന്നു.
46 കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രമായിരുന്നു ജംഗാജസൂസ് .വലിയൊരു തെറ്റായിരുന്നു അത് എന്നാണ് ജഗ്ഗാ ജാസൂസ് നിർമ്മിച്ചതിനെക്കുറിച്ചുള്ള രൺബീർ കപൂറിന്റെ പ്രതികരണം.