വൈകി ട്വിറ്ററിലെത്തിയ ആളാണ് ഋഷി കപൂര്‍. എന്നാല്‍, ട്വീറ്റുകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച് ഇപ്പോഴും വലിയ ധാരണയില്ല ഋഷിക്ക്. ട്വിറ്ററിലെ പരിഹാസങ്ങള്‍ക്ക് ശരിക്കും പണി വാങ്ങിക്കൊണ്ടിരിക്കുകയാണ് ഈ പഴയകാല സൂപ്പര്‍താരം.
ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന അമേരിക്കന്‍ ഗായിക ബിയോണ്‍സെയെ പരിഹസിച്ചാണ് ഋഷി ഇപ്പോള്‍ ട്വിറ്ററില്‍ പണി വാങ്ങിയിരിക്കുന്നത്. ഗര്‍ഭിണിയായ ബിയോണ്‍സെയെ ഒരു പൂപ്പാത്രത്തോട് ഉപമിച്ചുകൊണ്ടായിരുന്നു ഋഷിയുടെ പരിഹാസം. നിറവയറുമായി ഓറഞ്ച് നിറത്തിലുള്ള ഗൗണ്‍ ധരിച്ച് തലയില്‍ പൂക്കളുമായി നില്‍ക്കുന്ന ബിയോണ്‍സെയുടെ ചിത്രത്തിനൊപ്പം അതേ നിറത്തിലുള്ള ഒരു പൂച്ചട്ടി വച്ചുകൊണ്ടാണ് ഋഷി ട്വിറ്റ് ചെയ്തത്.
എന്നാല്‍, ഗര്‍ഭിണിയായ ഗായികയെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റിനെ അത്ര നല്ല മനസ്സോടെയല്ല ആരാധകര്‍ സ്വീകരിച്ചത്. കടുത്ത വിമര്‍ശമാണ് ഋഷിക്ക് ഇതിന്റെ പേരില്‍ നേരിടേണ്ടിവന്നത്.
സ്ത്രീകളെക്കുറിച്ച് ട്വീറ്റ് ചെയ്യുമ്പോള്‍ അല്‍പംകൂടി മാന്യതയാവാമെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. മദ്യപിച്ചിട്ടാണോ ട്വീറ്റ് ചെയ്യുന്നത് എന്നായിരുന്നു ചിലരുടെ ചോദ്യം. രണ്ട് പെഗ്ഗാണോ അതോ ഫുള്‍ ബോട്ടിലാണോ കഴിച്ചതെന്നാണ് മറ്റൊരു ചോദ്യം. ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കാന്‍ നാണമില്ലേ എന്നു ചിലര്‍ ചോദിച്ചു. ഒരു പുഷ്പത്തെ വയറ്റില്‍ പേറുന്ന അവരെ നിങ്ങള്‍ പൂപ്പാത്രത്തോടാണ് ഉപമിക്കുന്നത്. നാണക്കേട് തന്നെ-ചിലര്‍ പറഞ്ഞു. ശകാരങ്ങളും വിമര്‍ശവും ശക്തമാണെങ്കിലും ട്വിറ്റ് പിന്‍വലിക്കാനൊന്നും ഋഷി കപൂര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഇതാദ്യമായല്ല ട്വീറ്റുകളുടെ പേരില്‍ ഋഷി കപൂര്‍ പുലിവാല്‍ പിടിക്കുന്നത്. നേരത്തെ പാക് അധീന കശ്മീര്‍ പാകിസ്താന് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ഋഷി കപൂര്‍ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തുടക്കമിട്ടത്. ഇതിന്റെ പേരില്‍ ഋഷി ഏറെ പഴി കേള്‍ക്കുകയും ചെയ്തിരുന്നു. മുൻപ് വര്‍ണപ്പകിട്ടാര്‍ന്ന വേഷം ധരിച്ച ഒരു മോഡലിനെ പൊടിതട്ടിയോട് ഉപമിച്ചും ഏറെ പഴി കേള്‍ക്കേണ്ടിവന്നിരുന്നു ഋഷി.