കാര്യങ്ങള്‍ ഒട്ടും മയമില്ലാതെ പറയുന്ന ആളാണ് റിമ കല്ലിങ്കല്‍. അതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് വേവലാതിയുമില്ല. ഇതേ ധൈര്യത്തോടെ തന്നെയാണ് സിനിമയിലെ നായകസങ്കല്‍പമെന്ന വിഗ്രഹത്തിനുനേരെ റിമ കല്ലെറിയുന്നതും. നായികയ്ക്ക് പ്രാധാന്യമുള്ള ഒരു സിനിമയില്‍ അഭിനയിക്കില്ലെന്ന് ഒരു നായകന്‍ പറഞ്ഞ കാര്യം തുറന്നു പറയുകയാണ് റിമ. ഇക്കാര്യത്തില്‍ കുഞ്ചാക്കോ ബോബന്‍ മാത്രമാണ് ഒരു അപവാദമെന്നും പുതിയ ലക്കം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ പറയുന്നു.
ഞാന്‍ ചെയ്യാനിരിക്കുന്ന ഒരു സിനിമയുണ്ട്. ഒരു വനിതാ വോളിബോൾ കളിക്കാരിയുടെ ജീവിതകഥ. അതില്‍ നായികയ്ക്കാണ് പ്രാധാന്യം. നായകനാവാമോ എന്ന് ഒരു നടനോട് ചോദിച്ചു. അയാള്‍ പറഞ്ഞു: 'ഞാന്‍ നായകന് പ്രാധാന്യമുള്ള സിനിമയില്‍ മാത്രമേ അഭിനയിക്കൂ.' ആരാണ് ഇങ്ങന പറയാത്തത്? കുഞ്ചാക്കോ ബോബന്‍ മാത്രമാണ് ഒരു അപവാദം. ആ അര്‍ഥത്തില്‍ ഒരു പ്രതിഭാസമാണ് ചാക്കാച്ചന്‍. നായികമാരും ഇങ്ങനെ പറഞ്ഞാല്‍ എന്താവും സ്ഥിതി. മാധ്യമങ്ങള്‍ക്കുമുണ്ട് ഈ വിവേചനം. സുരഭിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടി. ഒരു ക്വാര്‍ട്ടര്‍ പേജ് ഫോട്ടോയെങ്കിലും കൊടുത്തോ ആരെങ്കിലും.? അതിന് പകരം ഒരു നായകനടനായിരുന്നെങ്കിലോ? സ്‌ക്രിപ്റ്റുമായി സംവിധായകര്‍ വരുമ്പോ നടിമാര്‍ ചോദിക്കണം. ഇതില്‍ എന്താ എനിക്ക് ചെയ്യാനുള്ളത് എന്ന്. ഒരു വിലയുമില്ലാത്ത റോളുകള്‍ ചെയ്യുന്നതിലും ഭേദം ഒന്നും കിട്ടാതെ വീട്ടിലിരിക്കുന്നതല്ലേ-റിമ പറഞ്ഞു.
Share this Article