മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ഒസ്‌ക്കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി. മാമാങ്കത്തെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമെങ്കില്‍ അത് മലയാളസിനിമയുടെ ക്രിയാത്മക സമൂഹത്തിന് നാണക്കേടാണെന്ന് റസൂല്‍പൂക്കുട്ടി ട്വീറ്റ് ചെയ്തു. സംവിധായകന്‍ സജീവ് പിള്ളയ്ക്ക് നേരേ ഭീഷണിയുണ്ടായ സാഹചര്യത്തിലായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റ്.
'മാമാങ്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിശ്വസനീയമെങ്കില്‍, മലയാള സിനിമയുടെ ക്രിയാത്മക സമൂഹത്തിനത് നാണക്കേടാണ്. 2018ല്‍ ഞാന്‍ വായിച്ച മികച്ച തിരക്കഥകളില്‍ ഒന്നായിരുന്നത്. ആ ചിത്രത്തിന് മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. അതിങ്ങനെ അവസാനിക്കേണ്ടി വരുന്നതില്‍ അതിയായ ദുഃഖമുണ്ട്'- റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാമാങ്കം സിനിമയുടെ അണിയറയില്‍ സംഭവിക്കുന്നത് വിചിത്രമായ ചില കാര്യങ്ങളാണ്. സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് സജീവ് പിള്ള വെളിപ്പെടുത്തിയിരുന്നു. തന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയ്ക്കും ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അദ്ദേഹം പരാതി നില്‍കുകയും ചെയ്തു.
കണ്ണൂരില്‍ ആരംഭിച്ച മൂന്നാം ഷെഡ്യൂളില്‍ നിന്ന് തന്നെ നീക്കം ചെയ്തതതായി സജീവ് പിള്ള പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം. ആദ്യ രണ്ട് ഷെഡ്യൂളും സജീവ് പിള്ളയാണ് സംവിധാനം ചെയ്തത്. സംവിധായകന്‍ എം.പദ്മകുമാറാണ് മൂന്നാമത്തെ ഷെഡ്യൂള്‍ ഒരുക്കുന്നത്. തന്നെ മാറ്റി പദ്മകുമാറിനെ നിയോഗിച്ചതായി ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുടെ കത്ത് അയച്ചിരുന്നുവെന്നും സജീവ് പിള്ള പറയുന്നു.
1999 മുതല്‍ മാമാങ്കത്തിനായി താന്‍ ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള വ്യക്തമാക്കിയിരുന്നു.
'മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തല്‍മണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്തു. 2010 ലാണ് സ്‌ക്രിപ്റ്റ് രജിസ്റ്റര്‍ ചെയ്തത്. താപ്പാനയുടെ ചിത്രീകരണ വേളയില്‍ ആദ്യമായി മമ്മൂട്ടിയെ കണ്ട് കഥ പറഞ്ഞു തുടങ്ങി. ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം പൂര്‍ണ പിന്തുണയുമായി മമ്മൂട്ടിയും ഒപ്പമുണ്ടായിരുന്നു. ബിസ്സിനസ്സുകാരനായ വേണു കുന്നപ്പള്ളിയെന്ന നിര്‍മാതാവ് 40 കോടി മുതല്‍മുടക്കില്‍ ചിത്രം നിര്‍മ്മിക്കാമെന്നു ഉറപ്പു നല്‍കി മുന്നോട്ടു വന്നു'- സജീവ് പിള്ള പറയുന്നു
മാമാങ്കവുമായി ബന്ധപ്പെട്ട് നേരത്തേ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. മുന്നറിയിപ്പൊന്നുമില്ലാതെ യുവനടന്‍ ധ്രുവനെ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തതായിരുന്നു അതില്‍ ആദ്യത്തേത്. ധ്രുവനെ മാറ്റിയത് തന്റെ അറിവോടു കൂടിയല്ല എന്നായിരുന്നു അന്ന് സജീവ് പിള്ളയുടെ വിശദീകരണം. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ധ്രുവന് പകരം അഭിനയിക്കുന്നത്.
Content Highlights: resul pookutty on mamangam movie controversy sajeev pilla actor dhruvan mammootty movie