സിനിമ വിശ്വാസത്തെ ബാധിക്കുന്നെന്നും അതിനാല്‍ അഭിനയം നിര്‍ത്തുന്നെന്നുമുള്ള കശ്മീരിനടി സൈറാ വസിമിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു. നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്ത് വന്നത്. നടിയും നിര്‍മ്മാതാവുമായ രവീണ ടണ്ടനും വിഷയത്തില്‍ വിയോജിപ്പു പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു. കടുത്ത ഭാഷയിലായിരുന്നു താരത്തിന്റെ ട്വീറ്റ്.
എന്നാലിപ്പോള്‍ സൈറയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള തന്റെ ട്വീറ്റ് പിന്‍വലിച്ചിരിക്കുകയാണ് രവീണ. പറഞ്ഞ വാക്കുകള്‍ കടുത്തുപോയെന്നും ഇപ്പോള്‍ കുറ്റബോധം തോന്നുന്നെന്നും പറഞ്ഞാണ് താരം ട്വീറ്റുകള്‍ പിന്‍വലിച്ചത്.
സൈറയ്ക്ക് വിജയാശംസകള്‍ നേരുന്നെന്നും സിനിമയെ അത്രയധികം സ്‌നേഹിക്കുന്ന തന്നേപ്പോലെ ഉള്ള ഒരാള്‍ക്ക് ആ വാക്കുകള്‍ അംഗീകരിക്കാനായില്ലെന്നും രവീണ പുതിയ ട്വീറ്റില്‍ കുറിച്ചു. സൈറ അത്തരത്തില്‍ പ്രതികരിക്കാന്‍ ചിലപ്പോള്‍ നിര്‍ബന്ധിതയായിട്ടുണ്ടാകാം എന്നും രവീണ തന്റെ ട്വീറ്റില്‍ പറയുന്നു.
രണ്ടു സിനിമകള്‍ മാത്രം ചെയ്ത് സിനിമാഭിനയം നിര്‍ത്തുന്നുവെന്ന് പറയുന്നവരെ വിലവയ്ക്കേണ്ട കാര്യമില്ലെന്നും അവര്‍ സന്തോഷപൂര്‍വം ഇറങ്ങിപ്പോകട്ടെയെന്നുമാണ് രവീണ ആദ്യം പ്രതികരിച്ചത്. ഇതിനെതിരെ നിരവധി പേര്‍ രംഗത്തു വന്നിരുന്നു. സൈറയുടേത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും അതു മാനിക്കാതെ, കുറ്റം മാത്രം കണ്ടെത്തുന്നതില്‍ എന്തു കാര്യമെന്നും പലരും ചോദിച്ചു. അഭിനയം നിര്‍ത്തുക എന്നത് സൈറയുടേത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും അതിനെ താന്‍ മാനിക്കുന്നുവെന്നും എന്നാല്‍ അതിനുള്ള കാരണങ്ങളാണ് തന്നെ അസ്വസ്ഥയാക്കുന്നതെന്നും രവീണ റീട്വീറ്റിലൂടെ പ്രതികരിച്ചു. വിമര്‍ശനങ്ങളെത്തുടര്‍ന്ന് ആദ്യ ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു. സൈറയുടെ പ്രസ്താവന വായിച്ചയുടന്‍ താന്‍ പ്രതികരിക്കുകയായിരുന്നു പറഞ്ഞ് ക്ഷമാപണം നടത്തിയാണ് രവീണ ട്വീറ്റ് നീക്കം ചെയ്തത്.
വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നുവെന്ന് കാണിച്ചാണ് സൈറ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്ന് സൈറ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. ബോളിവുഡില്‍ കാലു കുത്തിയപ്പോള്‍ അതു തനിക്ക് പ്രശസ്തി നേടിത്തന്നു, പൊതുമധ്യത്തില്‍ ശ്രദ്ധാ കേന്ദ്രമായി, പലപ്പോഴും യുവാക്കള്‍ക്ക് മാതൃകയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഈ വ്യക്തിത്വത്തില്‍ താന്‍ സന്തോഷവതിയല്ലെന്ന് കുറ്റസമ്മതം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് സൈറ പറഞ്ഞു.
'എന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയിലും എനിക്ക് സന്തോഷം ലഭിച്ചില്ല. ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും ഇത് എന്റെ സ്ഥലമായി അനുഭവപ്പെട്ടില്ല. ഒരുപാട് സ്നേഹവും പിന്തുണയും സിനിമാലോകത്ത് നിന്ന് ലഭിച്ചു, എന്നാല്‍ ഇത് എന്നെ അജ്ഞതയിലേക്ക് നയിച്ചു. ബോധപൂര്‍വമല്ലാതെ ഞാന്‍ എന്റെ വിശ്വാസത്തില്‍ നിന്നും അകന്നു. എന്റെ വിശ്വാസത്തില്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്ന ജോലിയില്‍ ഞാന്‍ തുടര്‍ന്നപ്പോള്‍ എന്റെ മതവുമായും അള്ളാഹുവമായുള്ള എന്റെ ബന്ധത്തിനത് ഭീഷണിയായി. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് എന്നെ ബാധിക്കുന്നില്ലെന്നും എന്റെ അറിവില്ലായ്മ കൊണ്ട് ഞാന്‍ വിശ്വസിച്ചു. എനിക്ക് ജീവിതത്തില്‍ നിന്ന് എല്ലാ അനുഗ്രഹവും നഷ്ടമായി എന്ന് പിന്നീട് എനിക്ക് മനസിലായി', സൈറ കുറിച്ചു.
Content Highlights : Raveena Tandon Deletes Tweet that criticize Zaira Wasim On Quitting acting career