ഒരു സ്ത്രീയെന്ന നിലയില്‍ സ്വയം ശക്തയെന്ന് കരുതി വേണം ജീവിതത്തില്‍ മുന്നോട്ടു പോകാനെന്നും മോശം സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ പുരുഷനു നേരെ വിരല്‍ ചൂണ്ടും മുൻപ് സ്ത്രീ ശക്തയെന്ന ബോധ്യമുള്‍ക്കൊള്ളുകയാണ് വേണ്ടതെന്നും നടി റാണി മുഖര്‍ജി. മീടൂ തുറന്നു പറച്ചിലുകളുടെ പശ്ചാത്തലത്തില്‍ സി എന്‍ എന്‍ ന്യൂസ് 18 ചാനല്‍ നടത്തിയ പ്രത്യേക ചര്‍ച്ചയിലാണ് റാണി സ്ത്രീസുരക്ഷയെക്കുറിച്ചുള്ള സ്വന്തം നിലപാട് വ്യക്തമാക്കിയത്.
പരിപാടിയില്‍ ദീപിക പദുകോണ്‍, അനുഷ്‌ക ശര്‍മ്മ, ആലിയഭട്ട് എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു റാണി. മീടൂ കാമ്പയിനിന്റെ പശ്ചാത്തലത്തില്‍ എന്തെല്ലാം മുന്‍കരുതലെടുക്കണമെന്ന വിഷയമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. വീട് കഴിഞ്ഞാല്‍ ജോലിസ്ഥലമാകണം ഒരു സ്ത്രീക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്നും അങ്ങനെയല്ലെങ്കില്‍ അതാണ് അവര്‍ എത്തിപ്പെടുന്ന ഏറ്റവും മോശം സ്ഥലമെന്നും ഷോയ്ക്കിടെ അനുഷ്‌ക അഭിപ്രായപ്പെട്ടിരുന്നു. അതു കഴിഞ്ഞായിരുന്നു റാണിയുടെ പ്രതികരണം.
സ്വയം ശക്തയെന്ന് കരുതി ജീവിക്കുന്ന സ്ത്രീക്ക് ജീവിതത്തില്‍ മോശം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അതിലും ശക്തിയായി പ്രതികരിക്കാന്‍ കഴിയും. പുരുഷനെതിരേ ആരോപണങ്ങൾ ഉന്നയിക്കും മുമ്പ് ഉത്തരവാദിയാണോ എന്ന് ഒരു സ്ത്രീ സ്വയം പരിശോധന നടത്തണം. മനഃശക്തിയുള്ള സ്ത്രീകള്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങലെ എളുപ്പത്തില്‍ നേരിടാന്‍ കഴിയും. കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് അമ്മമാരെ പഠിപ്പിക്കാന്‍ കഴിയില്ലെന്നും റാണി കൂട്ടിച്ചേര്‍ത്തു. സ്‌കൂളിലും മറ്റും കളരി പരിശീലനവും സ്വയം രക്ഷയും നിര്‍ബന്ധമാക്കണമെന്നും റാണി ഊന്നിപ്പറഞ്ഞു.
റാണിയുടെ പ്രസ്താവനയോട് ദീപികയും അനുഷ്‌കയും ആലിയയും അഭിപ്രായഭിന്നത പ്രകടിപ്പിക്കുന്നുണ്ട്. 'മക്കളെ എങ്ങനെ വളര്‍ത്തണമെന്ന് അമ്മമാരെ പറഞ്ഞു മനസ്സിലാക്കാനാവില്ല. എന്നാലും ഇവിടുത്തെ പെണ്‍കുട്ടികള്‍ മുഴുവനും കളരിയും മറ്റു ആയോധനകലകളും അറിഞ്ഞിരിക്കണമെന്നു പറയുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലും റാണിക്കെതിരേയുള്ള വിമര്‍ശനങ്ങള്‍.
Content Highlights : Rani Mukherji about me too controversy, me too campaign