രണ്ടാമൂഴം: വി.എ. ശ്രീകുമാറിന്റെ ഹര്‍ജി തള്ളി


രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എം.ടി.യും ശ്രീകുമാറും 2014-ല്‍ കരാര്‍ ഒപ്പുവെച്ചു.

കൊച്ചി: 'രണ്ടാമൂഴം' നോവല്‍ സിനിമയാക്കാനുള്ള കരാര്‍ ലംഘിച്ചെന്നാരോപിച്ച് എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ ആര്‍ബിട്രേഷന്‍ നടപടി വേണമെന്ന സംവിധായകന്‍ വി.എ. ശ്രീകുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കോഴിക്കോട് ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതിയില്‍ എം.ടി. നല്‍കിയ കേസ് നിലനില്‍ക്കുമെന്ന് ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി.

ആര്‍ബിട്രേഷനുള്ള കരാര്‍ നിലവിലുണ്ടോയെന്ന കാര്യം ഈ കോടതി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എം.ടി. മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസിലെ ആവശ്യം ആര്‍ബിട്രേറ്റര്‍ക്ക് അനുവദിക്കാനാവില്ലെന്നും സിവില്‍ കോടതിയിലാണ് തീര്‍പ്പുണ്ടാക്കേണ്ടതെന്നുമുള്ള കീഴ്ക്കോടതികളുടെ കണ്ടെത്തല്‍ ഹൈക്കോടതി ശരിവെച്ചു.

രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എം.ടി.യും ശ്രീകുമാറും 2014-ല്‍ കരാര്‍ ഒപ്പുവെച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. ഈ കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം കൂടി നല്‍കിയിട്ടും സിനിമ യാഥാര്‍ഥ്യമായില്ല. തുടര്‍ന്നാണ് കരാര്‍ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എം.ടി. കോടതിയെ സമീപിച്ചത്. വാങ്ങിയ പണം തിരികെനല്‍കാമെന്നും രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്നുമായിരുന്നു ആവശ്യം.

തുടര്‍ന്ന്, ഇതു സിനിമയാക്കുന്നതില്‍നിന്ന് ശ്രീകുമാറിനെ മുന്‍സിഫ് കോടതി വിലക്കി. വിഷയം ആര്‍ബിട്രേഷനു വിടണമെന്ന ആവശ്യവുമായി ശ്രീകുമാര്‍ മുന്‍സിഫ് കോടതിയെയും ജില്ലാ കോടതിയെയും സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചു.

ശ്രീകുമാറിന്റെ ആവശ്യം തള്ളിയെങ്കിലും ആര്‍ബിട്രേഷനുള്ള കരാറും തര്‍ക്കവും നിലവിലുണ്ടെന്ന് ജില്ലാ കോടതി വിലയിരുത്തിയിരുന്നു. ഈ നിരീക്ഷണം തെറ്റാണെന്നും ഇത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് എം.ടി. ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ശ്രീകുമാറിന്റെ ഹര്‍ജി തള്ളിയതിനൊപ്പം ആര്‍ബിട്രേഷനുള്ള കരാര്‍ നിലവിലുണ്ടെന്ന ജില്ലാ കോടതിയുടെ നിരീക്ഷണം റദ്ദാക്കുകയും എം.ടി.യുടെ ഹര്‍ജി തീര്‍പ്പാക്കിയുമാണ് ഹൈക്കോടതി വിധി.

Content Highlights : randamoozham movie highcourt rejects director v a sreekumar's petition

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram