സാമൂതിരിയുടെ കടല്‍ പടയാളി കുഞ്ഞാലിമരയ്ക്കാരാവാന്‍ മമ്മൂട്ടിയും മോഹന്‍ലാലും മത്സരിക്കുമ്പോള്‍ തെക്കിന്റെ ഉഗ്രപ്രതാപി മാര്‍ത്താണ്ഡ വര്‍മയാവുന്നത് ബാഹുബലിയിലെ ബല്ലാലദേവനായി വെള്ളിത്തിരയെ വിറപ്പിച്ച റാണ ദഗ്ഗുബാട്ടി. തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കഥ പറഞ്ഞ് കെ.മധു ഒരുക്കുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ-ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ നായകനായാണ് കരുത്തിന്റെ പ്രതീകമായി തെലുങ്കില്‍ നിന്നും മലയാളത്തിലേയ്ക്കുള്ള റാണയുടെ വരവ്.
ബാഹുബലിയുടെ മാതൃകയില്‍ രണ്ട് ഭാഗങ്ങളില്‍, അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിലാണ് ആധുനിക തിരുവിതാംകൂറിന്റെ ശില്‍പിയായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ റാണ അവതരിപ്പിക്കുന്നത്. റാണയുടെ ആദ്യ മലയാള ചിത്രമാണിത്.
ട്വിറ്ററിലൂടെ റാണ തന്നെയാണ് താന്‍ മാര്‍ത്താണഡവര്‍മയാവുന്ന വിവരം പ്രഖ്യാപിച്ചത്. അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ-തിരുവിതാംകൂര്‍ മഹാരാജാവാണ് എന്റെ കഥാപാത്രം. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. റോബിന്‍ തിരുമല തിരക്കഥ ഒരുക്കി സെവന്‍ ആര്‍ട്സ് മോഹന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.മധുവാണ്-റാണ ട്വിറ്ററില്‍ കുറിച്ചു.
ആധുനിക തിരുവിതാംകൂറിന്റെ ഭാഗധേയം മാറ്റിയെഴുതിയ ആളാണ് 1705ല്‍ ജനിച്ച അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. അയല്‍രാജ്യങ്ങള്‍ കീഴടക്കി പിന്നീട് ചരിത്രത്തിന്റെ ഭാഗമായ ശക്തവും വിസ്തൃതവുമായ തിരുവിതാംകൂര്‍ സൃഷ്ടിച്ചത് അനിഴം തിരുനാളാണ്. ഒരു കൊച്ചു നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിനെ പില്‍ക്കാലത്ത് കേരളസംസ്ഥാനത്തെ ഏറ്റവും വലിയ രാജവംശമായി പടവെട്ടിയും പിടിച്ചടക്കിയും വളര്‍ത്തിയെടുത്തത് അനിഴം തിരുനാളാണ്. കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുപടയെ തോല്‍പിച്ചത് മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ്. ഒരു വൈദേശിക ശക്തിക്കെതിരെ വിജയിക്കുന്ന ആദ്യ ഏഷ്യക്കാരനായ രാജാവ് എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തമാണ്. തിരുവിതാംകൂറിന്റെ സൈനികശേഷി വര്‍ധിപ്പിച്ചതും അത് ചിട്ടപ്പെടുത്തിയതും ഒരു ഭരണക്രമമുണ്ടാക്കിയതുമെല്ലാം അനിഴം തിരുനാളാണ്.
മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍വച്ച് ഏറ്റവും ചെലവേറിയ ചിത്രം എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന ഈ ചിത്രത്തില്‍ ലോകപ്രശസ്ത സാങ്കേതിക പ്രവര്‍ത്തകരുടെ ഒരു വന്‍ നിര തന്നെ അണിനിരക്കുന്നുണ്ട്. കുളച്ചല്‍ യുദ്ധം പുന:സൃഷ്ടിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്നാണ്. ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദവിന്യാസം. ക്യാമറ ആര്‍. മാധി. സംഗീതം കീരവാണി, കലാസംവിധാനം മനു ജഗത്ത്, ഗാനങ്ങള്‍:കെ.ജയകുമാര്‍, ഷിബു ചക്രവര്‍ത്തി, പ്രഭാ വര്‍മ.
അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇറ്റലിയിലെ സിനി സിത്ത സ്റ്റുഡിയോയും മക്നാനനാരിയം പ്രൊഡക്ഷന്‍ കമ്പനിയും പങ്കാളികളാവുന്നുണ്ട്.
Content Highlights: Rana Daggubati Marthanda Varma Anizham Thirunal Marthanda Varma Anizham Thirunal Marthanda Varma-the king of travancore, KMadhu, Robin Thirumala, Peter Hein, Tranvancore Kings, Colachel War, Malayalam Movie, Baahubali, Rasool Pookkutty, Big Budget Movie mammootty, mohanlal, kunjali marakkar, big budget movie, costliest movie in malayalam