തനുശ്രീ ദത്തയ്ക്കെതിരേ മാനനഷ്ടക്കേസ് നല്‍കി രാഖി സാവന്ത്. നാനാ പടേക്കർക്കെതിരേയുള്ള മീ ടൂ കാമ്പയിനില്‍ തനുശ്രീ തന്നെ വലിച്ചിഴച്ചുവെന്നാണ് രാഖിയുടെ ആരോപണം. 25 പൈസയ്ക്കാണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.
തനുശ്രീയുടെ ആരോപണം തന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചുവെന്നും രാഖി പറയുന്നു.
സിനിമയുടെ സെറ്റില്‍ വച്ച് നാന പടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്ന് തനുശ്രീ ദത്ത തുറന്ന് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയിരുന്നു. പത്തു വര്‍ഷത്തിനുശേഷമാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി തനുശ്രീ രംഗത്തുവന്നത്. 2009-ല്‍ പുറത്തിറങ്ങിയ 'ഹോണ്‍ ഒ.കെ' എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ ആരോപണം. സംവിധായകനോട് പരാതിപ്പെട്ടപ്പോള്‍ തന്നെയും മാതാപിതാക്കളെയും ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചുവെന്നും കാര്‍ തകര്‍ത്തുവെന്നും തനുശ്രീ പറഞ്ഞിരുന്നു. തനുശ്രീയെ ഗുണ്ടകള്‍ ആക്രമിക്കുന്ന വീഡിയോ ഫൂട്ടേജും പുറത്ത് വന്നിരുന്നു.
അന്ന് സിനിമാ സെറ്റില്‍ നിന്ന് തനുശ്രീ ഇറങ്ങിപ്പോയിരുന്നു. പിന്നീട് തനുശ്രീക്ക് പകരം രാഖിയാണ് അഭിനയിച്ചത്. ചിത്രത്തില്‍ നിന്ന് താന്‍ പിന്‍മാറിയ അവസരത്തില്‍ രാഖി തന്നെ അധിക്ഷേപിച്ചുവെന്നും തനുശ്രീ പറഞ്ഞു. നാനാ പടേക്കറെ പിന്തുണച്ച് രംഗത്തെത്തിയ രാഖി തനുശ്രീക്കെതിരേ തുടര്‍ച്ചയായി സംസാരിച്ചു കൊണ്ടിരുന്നു.
പിന്നീടങ്ങോട്ട് അരങ്ങേറിയത് നാടകീയ സംഭവങ്ങളായിരുന്നു. തനുശ്രീ തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് രാഖി വാര്‍ത്താസമ്മേളനം വിളിച്ചുചേർത്തു. മനസ്സുകൊണ്ട് തനുശ്രീ പുരുഷനാണെന്നും തന്നെ ബലാത്സംഗം ചെയ്തുവെന്നും രാഖി പറഞ്ഞു. തന്നെ നുണച്ചി എന്ന് വിളിച്ചുവെന്നാരോപിച്ച് രാഖിക്കെതിരേ തനുശ്രീ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരുന്നു.