ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിതയായി. വിവാഹവാര്‍ത്ത രാഖി തന്നെയാണ് ഞായറാഴ്ച്ച പുറത്തു വിട്ടത്.
മുപ്പത്തിയാറുകാരനായ റിതേഷ് ആണ് രാഖിയുടെ വരന്‍. യുകെയില്‍ ബിസിനസ്മാനാണ് റിതേഷ്. മുംബൈയിലെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ജൂലൈ 28നായിരുന്നു വിവാഹം.
'ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. എന്റെ ആരാധകനെ തന്നെയാണ് ഞാന്‍ വിവാഹം ചെയ്തത്. എന്നെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന എന്റെ ആരാധകനെ. ദിവസേന നൂറു കണക്കിന് ആരാധകര്‍ എനിക്ക് സന്ദേശങ്ങളയയ്ക്കാറുണ്ട്. എന്നാല്‍ ഒരു ദിവസം ഞാന്‍ വളരെ സങ്കടപ്പെട്ടിരിക്കുമ്പോള്‍ എനിക്കൊരു മെസേജ് വന്നു. എന്താണ് വിഷമിച്ചിരിക്കുന്നത്? എനിക്കത്ഭുതമായി എങ്ങനെ മനസിലായെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഞാന്‍ വളരെക്കാലമായി നിങ്ങളുടെ ആരാധകനാണ്. നിങ്ങളുടെ മനസും എനിക്കറിയാന്‍ കഴിയാറുണ്ട്. അന്ന് ഞാന്‍ അറിഞ്ഞു. അദ്ദേഹത്തെ തന്നെ വിവാഹം ചെയ്യുമെന്ന്.' നാല്‍പ്പതുകാരിയായ രാഖി പറയുന്നു.
എന്താണ് വിവാഹം രഹസ്യമാക്കി വച്ചതെന്ന ചോദ്യത്തിനും രാഖി മറുപടി നല്‍കി. 'സിനിമാമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ വിവാഹിതരാകുന്നത് പുറം ലോകമറിഞ്ഞാല്‍ പിന്നെ അവര്‍ക്ക് സിനിമകള്‍ ലഭിക്കില്ലെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ദീപികയെയും പ്രിയങ്കയെയും പോലുള്ള വലിയ നടിമാര്‍ക്കത് പ്രശ്‌നമേയല്ല. കാരണം, അവര്‍ക്കെന്നും സിനിമകള്‍ കിട്ടും. ഞാന്‍ ഐറ്റം നമ്പറുകളാണ് പൊതുവെ ചെയ്യാറുള്ളത്. വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്ത പുറത്തറിയുമ്പോള്‍ ജോലിയെ ബാധിക്കുമോ എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴുമറിയില്ല. എന്നാലും ഞാനത് വക വെയ്ക്കുന്നില്ല. കാരണം ഏറ്റവും സന്തുഷ്ടയായ സ്ത്രീയാണ് ഞാനിന്ന്. എന്റെ സ്വപ്‌നങ്ങളിലെ പുരുഷനെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്.'
ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും ചടങ്ങുകള്‍ നടന്നുവെന്നും രാഖി പറയുന്നു. തത്ക്കാലം ഭര്‍ത്താവിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ കൊണ്ടു വരുന്നില്ലെന്നും 2020ലേ തനിക്ക് കുട്ടികള്‍ വേണ്ടൂവെന്നും രാഖി വെളിപ്പെടുത്തുന്നു. കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ബേബി ഫോട്ടോഷൂട്ട് നടത്താമെന്ന് റിതേഷ് പറഞ്ഞിട്ടുണ്ട്. അപ്പോഴേക്കും മാധ്യമങ്ങള്‍ക്കു മുന്നിലെത്താമെന്ന് റിതേഷ് പറഞ്ഞതായും രാഖി വെളിപ്പെടുത്തി.
ബോളിവുഡിനു പുറമെ കന്നഡ, മറാത്തി, ഒഡിയ, തെലുങ്ക്, തമിഴ് സിനിമകളിലൂടെ സിനിമയിലെത്തിയ രാഖി ഹിന്ദിയിലെ ആദ്യ ബിഗ് ബോസ് സീസണിലെ മത്സരാര്‍ഥിയായിരുന്നു. തുടര്‍ന്ന് സ്വന്തം വരനെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ 'രാഖി കാ സ്വയംവര്‍' എന്ന റിയാലിറ്റി ഷോ മാധ്യമശ്രദ്ധ നേടിക്കൊടുത്തു. സ്വയംവരം എന്ന പരമ്പരാഗത രീതിയില്‍ വിവാഹം ചെയ്യാനുള്ള ആഗ്രഹത്താലാണ് അത്തരമൊരു റിയാലിറ്റി ഷോ നടത്തിയത്. അതില്‍ വിജയിച്ച ഇലേഷ് പരുജന്‍വാലയുമായി വിവാഹനിശ്ചയമുണ്ടായെങ്കിലും സാമ്പത്തിക കാരണങ്ങളാല്‍ വിവാഹം നടന്നില്ല. പിന്നീട് ടിവി സീരിയലുകളിലും ഐറ്റം ഡാന്‍സ് നമ്പറുകളിലും തിളങ്ങിയ രാഖി രാഷ്ട്രീയ ആം പാര്‍ട്ടിയെന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിച്ചിരുന്നു. പിന്നീട് അതില്‍ നിന്നും രാജി വെച്ച് ജൂണ്‍ 2014ല്‍ ആര്‍ പി ഐയില്‍ ചേര്‍ന്നു. 2018 ഡിസംബറില്‍ ദീപക് കലാല്‍ എന്ന വ്യക്തിയുമായി താന്‍ വിവാഹിതയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ആ വിവാഹവും നടന്നില്ല.
Content Highlights : Rakhi Sawant confirms her wedding