ചെന്നൈ: തൂത്തുക്കുടി വെടിവെപ്പുമായി രജനികാന്ത് നടത്തിയ പരാമര്‍ശം വന്‍ വിവാദമാകുന്നു. പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണു തൂത്തുക്കുടിയിലെ സംഘര്‍ഷങ്ങള്‍ക്കു കാരണമെന്നും ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്നും രജനികാന്ത് പറഞ്ഞു. ഇത് കടുത്ത അതൃപ്തിയാണ് പ്രതിഷേധക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്.
വെടിവയ്പില്‍ പരുക്കേറ്റവരെ രജനികാന്ത് സന്ദര്‍ശിച്ചിരുന്നു. അതിനിടെ സന്തോഷ് എന്ന യുവാവ് നടനോട് 'നിങ്ങളാരാണ്' എന്നു ചോദിക്കുന്നതും 'ഞാന്‍ രജനീകാന്ത്' എന്ന് അദ്ദേഹം മറുപടി പറയുന്നതുമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഏറെ രോഷത്തോടെയാണ് സന്തോഷിന്റെ ചോദ്യം. തുടര്‍ന്ന് സന്തോഷിന്റെ 'നിങ്ങള്‍ ആരാണ്' എന്ന ചോദ്യം ട്വിറ്ററില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ്.
രജനി തന്റെ സിനിമയുടെ റിലീസ് മുന്നില്‍ കണ്ടാണ് തൂത്തുക്കുടിയില്‍ എത്തിയിരിക്കുന്നത് എന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല ജൂണ്‍ മാസത്തില്‍ റിലീസിന് തയ്യാറെടുക്കുകയാണ്.
പൊലീസിനെ ആക്രമിച്ചതോടെയാണു പ്രശ്‌നം തുടങ്ങിയത്. ഇത്തരത്തില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും സമരവുമായിറങ്ങിയാല്‍ തമിഴ്‌നാട് ശവപ്പറമ്പായി മാറും. സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം ഇല്ലാതാകും. ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞു കയറിയ സാമൂഹ്യ വിരുദ്ധരെ കണ്ടെത്തണം. അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം- രജനി പറഞ്ഞു.
സാമൂഹ്യവിരുദ്ധരെ ഉരുക്കിമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കുള്ള കഴിവിനെ രജനി പ്രകീര്‍ത്തിച്ചു. കൂടാതെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്കു 10,000 രൂപ വീതവും അദ്ദേഹം പ്രഖ്യാപിച്ചു.
സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പ് സംസ്‌കരണശാലയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ കൃഷിയെ ബാധിക്കുന്നുവെന്നും വെള്ളവും വായുവും മലിനമാക്കുന്നുവെന്നുമായിരുന്നു സമരക്കാരുടെ ആരോപണം. പലരും ശ്വാസകോശരോഗങ്ങളും ചര്‍മരോഗങ്ങളും പിടിപെട്ട് ചികിത്സ തേടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രശ്‌നങ്ങള്‍ അധികൃതര്‍ അവഗണിച്ചപ്പോഴാണ് ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയത്. പ്രതിഷേധം രൂക്ഷമായപ്പോള്‍ പോലീസും സമരക്കാരും ഏറ്റുമുട്ടി. സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.