വലിയ പെരുന്നാള്‍ എന്ന ചിത്രത്തെ വിലകുറച്ചു കാണരുതെന്ന് സംവിധായകന്‍ രാജീവ് രവി. ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ നിഴലില്‍ നടനെ പിന്തുണച്ചാണ് സംവിധായകന്റെ പോസ്റ്റ്. വലിയ പെരുന്നാള്‍ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സിനിമയെ മനോഹരമാക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ടെന്നും കലാകാരന്‍മാരുടെ ആ ശ്രമത്തെ വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുതെന്നും അവരുടെ ശ്രമങ്ങള്‍ക്ക് വില കല്പിക്കണമെന്നും രാജീവ് രവി പറയുന്നു.
രാജീവ് രവിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
സിനിമയെന്ന കലാരൂപത്തെ വര്‍ണ്ണ/ജാതി - മത വേര്‍തിരിവുകള്‍ക്കപ്പുറം ആസ്വദിക്കുന്നവരാണ് നമ്മളെല്ലാവരും. ഒരു സിനിമ അതിന്റെ സത്യത്തില്‍ നിന്നുകൊണ്ട് കാണാനും അംഗീകരിക്കാനും തയ്യാറാകണം. വലിയപെരുന്നാളില്‍ നല്ലൊരു സിനിമ ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും നമുക്ക് കാണാന്‍ സാധിക്കും. അതിന്റെ അണിയറക്കാര്‍ ഈ ചിത്രത്തെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഒരുപറ്റം കലാകാരന്മാരുടെ ആത്മാര്‍ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുത്. അതിനു വേണ്ടി എടുത്ത അവരുടെ ശ്രമങ്ങളെ നിഷ്‌കരുണം തള്ളരുത്. ആ പ്രവണത നമ്മുടെ സിനിമയ്ക്കും ഭാഷയ്ക്കുമൊന്നും ഒരു തരത്തിലും ഗുണം ചെയ്യില്ല. മറിച്ച് ദോഷം ചെയ്യും.
ഡിമല്‍ ഡെന്നിസ് ആണ് വലിയ പെരുന്നാളിന്റെ സംവിധായകന്‍. ഷെയ്ന്‍ ഡിസ്‌കോ ഡാന്‍സറായി എത്തുന്ന ചിത്രത്തില്‍ ഹിമിക ബോസാണ് നായിക. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
Content Highlights : rajeev ravi facebook post valiya perunnal movie shane nigam