ചെന്നൈ: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി നടൻ രജനീകാന്ത്. കാര്‍ത്തിക് സുബ്ബുരാജിന്റെ ചിത്രം പേട്ടയുടെ ചിത്രീകരണത്തിനുശേഷം ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ കാലങ്ങളായി ആചരിച്ചു വരുന്ന ആചാരങ്ങളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
'സ്ത്രീകള്‍ക്ക് തുല്യാവകാശം വേണം എന്നതില്‍ രണ്ട് അഭിപ്രായമില്ല. എന്നാല്‍ ആരാധനാലയങ്ങളുടെ കാര്യം വരുമ്പോള്‍ ആചാരങ്ങളും ഐതിഹ്യങ്ങളും കണക്കിലെടുക്കണം. അത് ആരും തടസ്സപ്പെടുത്തരുത്. എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞുവെന്ന് മാത്രം'- രജനീകാന്ത് പറഞ്ഞു.
മീ ടു കാമ്പയിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം പ്രതികരിച്ചു.
'സ്ത്രീകള്‍ക്ക് ഒരുപാട് പിന്തുണ ലഭിക്കുന്ന കാമ്പയിനാണിത്. അത് ആരും ദുരുപയോഗം ചെയ്യരുത്. ശരിയായ രീതിയില്‍ ഉപയോഗിക്കുക.'-രജനീകാന്ത് വ്യക്തമാക്കി.
അതേസമയം പാര്‍ട്ടി പ്രഖ്യാപനം നീളുന്നതിനെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ രജനീകാന്ത് തയ്യാറായില്ല.
'പാര്‍ട്ടി രൂപീകരിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായി. എന്നാല്‍ അത് എന്ന്, എപ്പോള്‍ പ്രഖ്യാപിക്കുമെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും രജനീകാന്ത് വ്യക്തമാക്കി.
Content Highlights: rajanikanth on sabarimala women entry verdict supreme court me too campaign political party