മുംബൈ: ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടിയ ഒട്ടേറെ ബോളിവുഡ് സിനിമകള്‍ക്ക് അരങ്ങൊരുക്കിയ മുംബൈയിലെ ആര്‍.കെ. സ്റ്റുഡിയോ വില്‍ക്കുന്നു.
ചെമ്പൂരില്‍ കപൂര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം ഗോദ്റേജ് പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയാണ് വാങ്ങുന്നതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കപൂര്‍ കുടുംബവുമായി ഗോദ്‌റേജ് ഗ്രൂപ്പ് പലവട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. 8239 ചതുരശ്രമീറ്റര്‍ സ്ഥലമുള്ള സ്റ്റുഡിയോവിന് 170 മുതല്‍ 190 കോടി രൂപവരെയാണ് വിലകണക്കാക്കുന്നത്.
വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രധാന മാധ്യമങ്ങളിലെല്ലാം പരസ്യം വന്നുകഴിഞ്ഞു. ആര്‍.കെ. സ്റ്റുഡിയോ വില്‍ക്കാന്‍പോവുകയാണെന്നും അതിന്റെ ഉടമസ്ഥാവകാശമുള്ളവര്‍ 14 ദിവസത്തിനുള്ളില്‍ ബന്ധപ്പെടണമെന്നുമാണ് പരസ്യത്തില്‍ പറയുന്നത്. ഗോദ്റേജിന് പുറമേ മറ്റു ചില കമ്പനികളുമായും ചര്‍ച്ചനടക്കുന്നുണ്ടെന്നും ഒരു മാസത്തിനുള്ളില്‍ അന്തിമതീരുമാനമുണ്ടാകുമെന്നുും നടനും സംവിധായകനുമായ രണ്‍ധീര്‍ കപൂര്‍ പറയുന്നു.
സ്റ്റുഡിയോ നടത്തിപ്പ് ബുദ്ധിമുട്ടിലായതോടെയാണ് കപൂര്‍ കുടുംബം ഇത് വില്‍ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം തീപ്പിടിത്തത്തെ തുടര്‍ന്ന് സ്റ്റുഡിയോവില്‍ ഉണ്ടായിരുന്ന പല വിലപിടിച്ച വസ്തുക്കളും നശിച്ചിരുന്നു. സിനിമാ ഷൂട്ടിങ്ങും പിന്നീട് കാര്യമായി നടന്നില്ല. സ്റ്റുഡിയോ പൂര്‍വസ്ഥിതിയിലാക്കിയാലും ഷൂട്ടിങ് നടക്കാത്ത സാഹചര്യത്തില്‍ അത് നഷ്ടമുണ്ടാക്കാനാണ് സാധ്യത എന്ന കണക്കുകൂട്ടലിലാണ് വില്‍ക്കാന്‍ തീരുമാനിക്കുന്നത്.
പ്രശസ്തതാരം രാജ് കപൂറാണ് തന്റെപേരില്‍ ഏകദേശം 70 വര്‍ഷംമുമ്പ് ആര്‍.കെ. സ്റ്റുഡിയോ നിര്‍മിച്ചത്. അദ്ദേഹത്തിന്റെ പ്രശസ്തമായ പല സിനിമകളുടെയും ഷൂട്ടിങ് ഇവിടെ നടന്നിട്ടുണ്ട്. 1948-ല്‍ 'ആഗ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തോടെയായിരുന്നു തുടക്കം. ചിത്രം ബോക്‌സ് ഓഫീസില്‍ കാര്യമായി വിജയംനേടിയില്ല. എന്നാല്‍, തൊട്ടടുത്തവര്‍ഷംവന്ന 'ബര്‍സാത്' വന്‍ വിജയമായി. തുടര്‍ന്ന് 'ആവാര' (1951), 'ബൂട്ട് പോളിഷ്', 'ജഗ്തെ രഹോ', 'ശ്രീ 420' എന്നിവയൊക്കെ ഒന്നൊന്നായി ഇവിടെ ചിത്രീകരിച്ചു.
രാജ് കപൂറിന്റെ അവസാന ചിത്രമായ രാം തേരി ഗംഗാ മൈലി (1985) വരെയുള്ള സിനിമകള്‍ക്ക് ആര്‍.കെ. സ്റ്റുഡിയോ അരങ്ങായി. 1999-ല്‍ ഋഷികപൂര്‍ സംവിധാനംചെയ്ത 'ആ അബ് ലൗട്ട് ചലേ' എന്ന ചിത്രമാണ് അവസാനമായി ചിത്രീകരിച്ചത്. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ ചിത്രീകരിക്കുന്നതിനിടെയാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആര്‍.കെ. സ്റ്റുഡിയോ കത്തിനശിക്കുന്നത്.
Content Highlights : Raj Kapoor's RK Studios goes to Godrej Properties