നമ്പി നാരായണനായി മാധവന്‍; ഫസ്റ്റ് ലുക്ക് പുറത്ത്


ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു മറിയം റഷീദയും ഫൗസിയ ഹസ്സനും ഉള്‍പ്പെട്ട, കെ. കരുണാകരന്റെ മുഖ്യമന്ത്രിക്കസേര വരെ തെറിപ്പിച്ച ചാരക്കേസ്.

പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണനായി വെള്ളിത്തിരയിലെത്തുന്ന പുതിയ ചിത്രത്തിനായുള്ള തന്റെ പുതിയ മേക്ക് ഓവര്‍ പുറത്തു വിട്ട് തമിഴ് നടന്‍ മാധവന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ പുതിയ രൂപം പുറത്തു വിട്ടത്.

നീട്ടി വളര്‍ത്തിയ നരച്ച താടിയും മുടിയുമായാണ് ചിത്രത്തില്‍ മാധവന്‍ പ്രത്യക്ഷപ്പെടുന്നത്. 'കാഴ്ച്ചയിലും അഭിനയത്തിലും പൂര്‍ണമായും താങ്കളായി മാറുകയെന്നത് ബുദ്ധിമുട്ടു തന്നെ. എങ്കിലും എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കുന്നുണ്ട്.' എന്ന തലക്കെട്ടോടെയാണ് ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ലുക്കിലുള്ള തന്റെ ആദ്യ ചിത്രം മാധവന്‍ പുറത്തു വിട്ടത്.

കേരളത്തെ പിടിച്ചുകുലുക്കിയ ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്പി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ ഐ.എസ്.ആര്‍.ഒ സ്പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ വരുന്നത്. ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളാണ് നമ്പി നാരായണന്‍ പുസ്തകത്തില്‍ പറയുന്നത്. ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു മറിയം റഷീദയും ഫൗസിയ ഹസ്സനും ഉള്‍പ്പെട്ട, കെ. കരുണാകരന്റെ മുഖ്യമന്ത്രിക്കസേര വരെ തെറിപ്പിച്ച ചാരക്കേസ്. 1994 ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. പിന്നീട് നിരപരാധിയാണെന്നു മനസ്സിലാക്കി 1998-ല്‍ സുപ്രീം കോടതി നമ്പി നാരായണനെ കുറ്റവിമുക്തനാക്കി. അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് ഈ വര്‍ഷമാണ്.

സ്‌ക്രീനിലെ നമ്പി നാരായണന് വേണ്ടി കാത്തിരിക്കുകയാണെന്നു നമ്പി നാരായണന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയ്ക്കായി അദ്ദേഹത്തെ ചെന്നു കാണുകയും ഒപ്പം സമയം ചെലവിടുകയും ചെയ്തിരുന്നു. മലയാളം പതിപ്പിന്റെ സഹ എഴുത്തുകാരായ അരുണ്‍, പ്രജേഷ് സെന്‍ എന്നിവരെയും മാധവന്‍ കണ്ടിരുന്നു. 'മാധവന്‍ എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന് എന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ചെല്ലാം നല്ല അറിവുണ്ട്. എന്റെ കഥ കേട്ടു. ആ സമയത്ത് ഞാന്‍ അനുഭവിച്ച പീഡനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മാധവന്‍ വ്യാകുലപ്പെട്ടു. അദ്ദേഹം എന്റെ കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടു കഴിഞ്ഞുവെന്ന് അവസാനം എനിക്ക് മനസ്സിലായി.'

റോക്കട്രി: ദ നമ്പി ഇഫക്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രം ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ ഒക്ടോബറില്‍ പുറത്തു വിട്ടിരുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങും. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മാധവന്‍ ആമിര്‍ ഖാന്റെ സഹായം തേടിയിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlights : R Madhavan as Nambi Narayanan first look out, Nambi Narayanan in film, madhavan tamil actor

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram