നടന് ഷെയ്ന്‍ നിഗവുമായി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് നിര്‍മാതാക്കളുടെ സംഘടന. നിര്‍മാതാക്കളെ മനോരോഗികളെന്നു വിളിച്ച ഷെയ്ന്‍ നിഗം പരസ്യമായി മാപ്പു പറയണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു. ഷെയ്‌നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്നും ഷെയ്‌നുമായി ചര്‍ച്ച നടത്തേണ്ട ഉത്തരവാദിത്വം താരസംഘടനയായ അമ്മ ഏറ്റെടുക്കണമെന്നുമാണ് നിര്‍മാതാക്കളുടെ ആവശ്യം.
ഷെയ്‌നുമായി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറില്ല. സിനിമകള്‍ മുടങ്ങിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഷെയ്നിനാണ്. നിര്‍മാതാക്കളെ മനോരോഗികളെന്നു വിളിച്ച ഷെയ്‌നിന്റെ സോഷ്യല്‍മീഡിയയിലൂടെ മാപ്പു പറച്ചില്‍ അംഗീകരിക്കാനാവില്ലെന്നും പരസ്യമായി മാപ്പു പറയണമെന്നും നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹി ജി സുരേഷ്‌കുമാര്‍ പറഞ്ഞു. പരസ്യമായി ചാനലുകളോട് അത്തരത്തില്‍ സംസാരിച്ചിട്ട് പിന്നീട് ഫെയ്‌സ്ബുക്കിലൂടെ മാപ്പു പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ലംഘിക്കുന്ന ആരെയും വച്ചു പൊറുപ്പിക്കില്ലെന്നും ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറില്ലെന്നും സുരേഷ്‌കുമാര്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
ഉല്ലാസം, കുര്‍ബാനി, വെയില്‍ എന്നീ ചിത്രങ്ങള്‍ മുടങ്ങിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഷെയ്നിനാണ്. വിഷയത്തില്‍ 'അമ്മ' സംഘടനയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും എന്നാല്‍ ഷെയ്‌നുമായി നേരിട്ടൊരു ചര്‍ച്ചയ്ക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവര്‍ത്തിക്കുന്നു. അതേ സമയം മോഹന്‍ലാല്‍ തിരിച്ചുവന്ന ശേഷം ഷെയ്‌നുമായി അമ്മ സംഘടന ഈ മാസം 21ന് യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് അമ്മ സംഘടന അറിയിച്ചെങ്കിലും അത് ജനുവരിയിലേക്കു മാറ്റി. ഇതോടെ നിര്‍മാതാക്കളും ഷെയ്ന്‍ നിഗവുമായുള്ള തര്‍ക്കത്തില്‍ ഉടന്‍ പരിഹാരമുണ്ടാകില്ലെന്നാണ് സൂചന.
Content Highlights : producers association asks shane nigam to apologise publicly
Share this Article
Related Topics