നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ റിപ്പോര്‍ട്ടുകള്‍ ശക്തമാവുകയാണ്. ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രം ഭാരതില്‍ നിന്നും പ്രിയങ്ക പിന്മാറിയതോടെയാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്ത ശക്തമാകുന്നത്.
സിനിമയുടെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ ട്വിറ്ററിലൂടെയാണ് പ്രിയങ്ക സിനിമയില്‍ നിന്നും പിന്മാറിയതായുളള വിവരം അറിയിച്ചത്. പ്രിയങ്കയുടെ പിന്മാറ്റത്തിനുളള കാരണവും സംവിധായകന്‍ വ്യക്തമാക്കി.
'ഭാരത് സിനിമയില്‍ ഇനി പ്രിയങ്ക ഉണ്ടാവില്ല. അതിന്റെ കാരണം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഒടുക്കം അവര്‍ ആ തീരുമാനം പറഞ്ഞു. അവരുടെ തീരുമാനത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അതിയായ സന്തോഷമുണ്ട്. പ്രിയങ്കയുടെ ജീവിതത്തില്‍ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്ന് ഭാരത് ടീം ആശംസിക്കുന്നു'. അലി അബ്ബാസ് ട്വീറ്റ് ചെയ്തു.
സിനിമയുടെ സഹനിര്‍മാതാവായ നിഖില്‍ നമിത് വിവാഹ വാര്‍ത്തകള്‍ സത്യമാണെന്ന് സ്ഥിരീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. വിവാഹനിശ്ചയം കാരണമാണ് സിനിമയില്‍ നിന്ന് പുറത്ത് പോകുന്നതെന്ന് പ്രിയങ്ക ഞങ്ങളോട് പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ്. ഒരു മുന്നറിയിപ്പും നല്‍കാതെ നിന്ന് ഒഴിഞ്ഞുമാറിയത് ഒട്ടും ശരിയായില്ല- നിഖില്‍ പറഞ്ഞു.
അമേരിക്കയിലെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നികും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പുറത്തിറങ്ങിത്തുടങ്ങിയിരുന്നു.