ബോളിവുഡ് താരം പ്രിയങ്കയും അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനാസും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇരുവരും ഒരുമിച്ച് പൊതു പരിപാടികളിലും പങ്കെടുത്തത് പാപ്പരാസികളുടെ കണ്ണില്‍ പതിഞ്ഞിരുന്നു. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്.
നിക് ജോനാസിന്റെ ബന്ധുവിന്റെ വിവാഹത്തിന് പ്രിയങ്ക പങ്കെടുത്തതും പ്രിയങ്കയെ പ്രശംസിച്ച് നികിന്റെ സഹോദരന്‍ ഒരു അഭിമുഖത്തില്‍ സംസാരിച്ചതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ആ ചോദ്യത്തിന് മറുപടിയുമായി പ്രിയങ്ക തന്നെ വന്നിരിക്കുകയാണ്. ആന്റി കോഹന്റെ ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് പ്രിയങ്ക ആ ചോദ്യം നേരിട്ടത്. നിങ്ങള്‍ തമ്മില്‍ പ്രണയം ഉണ്ടോ? എന്ന് ആന്റി കോഹന്‍ ചോദിച്ചപ്പോള്‍. ഞങ്ങള്‍ക്ക് ഇതുവരെ സമയം കിട്ടിയില്ലെന്നും അടുത്ത തവണ കാണുമ്പോള്‍ ആകാമെന്നും പ്രിയങ്ക മറുപടി നല്‍കി. മെറ്റ് ഗാലയില്‍ ഞങ്ങള്‍ക്ക് ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു. അവര്‍ കാരണം എനിക്ക് ഒന്നും ശ്രദ്ധിക്കാനേ പറ്റിയില്ല- പ്രിയങ്ക ചിരിയോടെ പറഞ്ഞു.
പ്രിയങ്കയെ കുടുക്കുന്നതായിരുന്നു അടുത്ത ചോദ്യം. ഭാവിയിലെന്നെങ്കിലും ഡേറ്റ് ചെയ്യുമോ എന്ന് കോഹന്‍ ചോദിച്ചപ്പോള്‍ പ്രിയങ്കയുടെ മുഖത്ത് ഒരല്‍പ്പം നാണം വിടര്‍ന്നു. കൃത്യമായ ഉത്തരം പറയാതെ പ്രിയങ്ക ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതാണ് ഇപ്പോള്‍ ദൃശ്യങ്ങളിലുള്ളത്. ഷോയുടെ പൂര്‍ണരൂപം ഉടന്‍ പുറത്തിറങ്ങും
കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നികും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പുറത്തിങ്ങിത്തുടങ്ങിയിരുന്നു. റാല്‍ഫ് ലോറെന്‍ വസ്ത്രത്തിലാണ് ഇരുവരും അന്ന് ഗാലയില്‍ പ്രത്യക്ഷപ്പെട്ടത്.
മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക തന്നെക്കാള്‍ പത്തു വയസ് കുറവുള്ള നിക്കിനെ പ്രണയിക്കുന്നതില്‍ ഒരു വിഭാഗം ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രണയത്തിന് എന്ത് പ്രായം എന്ന് പറഞ്ഞാണ് ഇവരുടെ ആരാധകര്‍ വിമര്‍ശകരുടെ വായടപ്പിക്കുന്നത്. നിക് ജോനാസ് ഒരു പ്ലേ ബോയ് ആണെന്നും അദ്ദേഹത്തെ വിശ്വസിക്കരുതെന്ന് പ്രിയങ്കയെ ഉപദേശിക്കുന്നവരും കുറവല്ല.
Content Highlights: Priyanka Chopra opens up about Nick Jonas on Live With Andy Cohen