ബോളിവുഡ് താരം പ്രിയങ്കയും അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനാസും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇരുവരും ഒരുമിച്ച് പൊതു പരിപാടികളിലും പങ്കെടുത്തത് മാധ്യമങ്ങളുടെ കണ്ണില്‍ പതിഞ്ഞിരുന്നു. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്.
നിക്കുമായുള്ള ബന്ധം അടുത്ത തലത്തിലേക്ക് കടന്നുവെന്ന് ഇപ്പോള്‍ തുറന്ന് സമ്മതിക്കുകയാണ് പ്രിയങ്ക. പീപ്പിള്‍ ഡോട്ട് കോമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ച് ഇന്ത്യയില്‍ എത്തുകയും പ്രിയങ്ക തന്റെ കുടുംബാംഗങ്ങള്‍ക്ക് നിക്കിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല ആകാഷ് അംബാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹത്തിന് പ്രിയങ്കയും നിക്കും ഒരുമിച്ചെത്തിയിരുന്നു.
'ഇന്ത്യയിലേക്കുള്ള യാത്ര ഞങ്ങളുടെ ബന്ധത്തെ അടുത്ത തലത്തില്‍ എത്തിച്ചു. നിക് യാത്ര നന്നായി ആസ്വദിച്ചു'- പ്രിയങ്ക പറഞ്ഞു.
നേരത്തേ നിക് ജോനാസിന്റെ ബന്ധുവിന്റെ വിവാഹത്തിന് പ്രിയങ്ക പങ്കെടുത്തതും പ്രിയങ്കയെ പ്രശംസിച്ച് നിക്കിന്റെ സഹോദരന്‍ ഒരു അഭിമുഖത്തില്‍ സംസാരിച്ചതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നികും കണ്ടുമുട്ടിയത്. ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പുറത്തിങ്ങിത്തുടങ്ങിയിരുന്നു. റാല്‍ഫ് ലോറെന്‍ വസ്ത്രത്തിലാണ് ഇരുവരും അന്ന് ഗാലയില്‍ പ്രത്യക്ഷപ്പെട്ടത്.
മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക തന്നെക്കാള്‍ പത്തു വയസ് കുറവുള്ള നിക്കിനെ പ്രണയിക്കുന്നതില്‍ ഒരു വിഭാഗം ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രണയത്തിന് എന്ത് പ്രായം എന്ന് പറഞ്ഞാണ് ഇവരുടെ ആരാധകര്‍ വിമര്‍ശകരുടെ വായടപ്പിക്കുന്നത്. നിക് ജോനാസ് ഒരു പ്ലേ ബോയ് ആണെന്നും അദ്ദേഹത്തെ വിശ്വസിക്കരുതെന്ന് പ്രിയങ്കയെ ഉപദേശിക്കുന്നവരും കുറവല്ല.
Content Highlights: Priyanka chopra nick jonas relationship love story india trip