മലയാള സിനിമയില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് താന്‍ എടുത്ത നിലപാടിനെ വ്യക്തിപരമായി ധീരമെന്ന് വിശേഷിപ്പിക്കാന്‍ തോന്നുന്നില്ലെന്ന് പൃഥ്വിരാജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസ്സു തുറന്നത്. പൃഥ്വിരാജിനൊപ്പം നസ്രിയയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. സിനിമയില്‍ സ്ത്രീകള്‍ തുറന്ന് സംസാരിക്കുന്നത് നല്ല മാറ്റത്തിനാണെന്ന് താന്‍ വിശ്വസിക്കുന്നതായി നസ്രിയ പറഞ്ഞു.
എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു. അതിനെ ധീരം എന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. ഈ ചര്‍ച്ചകള്‍ സംവാദങ്ങള്‍ പുതിയ തലമുറയ്ക്ക് പ്രവര്‍ത്തിക്കാന്‍ കുറച്ചുകൂടി നല്ല ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും. ഡിജിറ്റല്‍ സിനിമ വന്നപ്പോള്‍ സിനിമ എല്ലാവര്‍ക്കും സമീപിക്കാവന്ന ഒന്നായി. അത്തരം വിപ്ലവകരമായ മാറ്റങ്ങള്‍ സിനിമയെ ജനാധിപത്യവല്‍ക്കരിക്കും. എല്ലാം സംഭവിക്കുന്നത് നല്ലതിനാണെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
സിനിമയില്‍ നടക്കുന്ന പ്രശ്‌നങ്ങളെ സാമാന്യവല്‍ക്കരിക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഞാന്‍ ഒരിക്കലും ഒരു സ്ത്രീ പരാതി പറയുന്നത് കേട്ടിട്ടില്ല. മലയാള സിനിമയില്‍ എല്ലായിടത്തും പ്രശ്‌നമില്ല. അതു നമ്മള്‍ ജോലി ചെയ്യുന്ന ടീമിനെ ആശ്രയിച്ചിരിക്കും. ആര്‍ക്കൊപ്പം ജോലി ചെയ്യുന്നു എന്ന് ആശ്രയിച്ചിരിക്കും- പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ തുറന്ന് സംസാരിക്കുന്നത് നല്ല മാറ്റമാണെന്ന് കരുതുന്നതായി നസ്രിയ പറഞ്ഞു. എ.എം.എം.എയിലോ ഡബ്ല്യു.സി.സിയിലോ ആകട്ടെ സ്ത്രീകള്‍ നിലപാട് പറയുന്നു. അതു തന്നെ നല്ല മാറ്റമാണ്. എല്ലാം സംസാരിക്കണം. പരിഹരിക്കപ്പെടണം-നസ്രിയ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ എ.എം.എം.എയിൽ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് വനിതാ അംഗങ്ങള്‍ രാജിവച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് സംഘടനയില്‍ നിന്ന് പുറത്ത് പോയത്. ഇവര്‍ക്ക് നിലപാടിനെ പിന്തുണച്ച് പൃഥ്വിരാജ് രംഗത്ത് വന്നിരുന്നു.
Content Highlights: prithviraj sukumaran nazriya nazim koode movie promotion amma wcc