ആത്മഹത്യ ചെയ്ത സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി അവസാനമായി അഭിനയിച്ച ഹ്രസ്വചിത്രം വിവാദമാകുന്നു. നടിയുടെ സുഹൃത്ത് കാമിയ പഞ്ചാബിയാണ് ചിത്രം പുറത്തിറക്കിയത്.
ചിത്രം തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് നടിയുടെ കാമുകനായ രാഹുല്‍ രാജ് കോടതിയെ സമീപിച്ചിരുന്നു. പ്രദര്‍ശിപ്പിക്കുന്നതിന് കോടതി സ്റ്റേ നല്‍കിയിരുന്നുവെങ്കിലും നടിയുടെ ചരമവാര്‍ഷികത്തിന് ചിത്രം യുട്യൂബിലൂടെ റീലീസ് ചെയ്തിരിക്കുകയാണ് സുഹൃത്ത് കാമിയ.
ഹം കുച്ച് കഹ് നാ സകേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രണയബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് അവതരിപ്പിച്ചിരിക്കുന്നത്.
മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രത്യുഷ ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നും പ്രത്യുഷയുടെ ജീവിതവും ഈ ചിത്രവും തമ്മില്‍ സാമ്യമുണ്ടെന്നും കാമിയ അവകാശപ്പെടുന്നു. രാഹുലുമായുള്ള പ്രശ്‌നങ്ങളാണ് പ്രത്യുഷയെ ആത്മഹത്യക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങള്‍ നേരത്തേ ആരോപിച്ചിരുന്നു.
കാമിയ പറയുന്നത് വാസ്തവമില്ലാത്ത കാര്യങ്ങളാണെന്നാണ് രാഹുലിന്റെ വാദം. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പ്രത്യുഷ തനിക്കൊപ്പം തന്നെ ആയിരുന്നുവെന്നും അവര്‍ തനിക്കൊപ്പം സന്തോഷത്തോടെയാണ് ജീവിച്ചിരുന്നെന്നും രാഹുല്‍ പറയുന്നു.
രക്ത് സംബന്ധ് എന്ന ഷോയിലൂടെ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച പ്രത്യുഷ ബാലികവധു എന്ന പരമ്പരയിലൂടെയാണ് പ്രശസ്തയാകുന്നത്. 2016 ഏപ്രില്‍ 1 ന് മുംബൈയിലെ വസതിയിലാണ് പ്രത്യുഷ തൂങ്ങി മരിച്ചത്.