പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങി; അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഇവരാണ്


ഡിസംബര്‍ 10 ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തായ്‌ലന്റാണ് പ്രധാന ലൊക്കേഷന്‍.

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ പ്രവര്‍ത്തിക്കുന്ന അണിയറ പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും വിവരങ്ങള്‍ പുറത്ത്. ഡിസംബര്‍ 10 ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തായ്‌ലന്റാണ് പ്രധാന ലൊക്കേഷന്‍.

വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, വിക്രം പ്രഭു എന്നിവര്‍ ചിത്രീകരണത്തിനായി തായ്‌ലന്റില്‍ എത്തിച്ചേര്‍ത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കും. ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

മണിരത്‌നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയമോഹനാണ് സംഭാഷണം. സംഗീതം- എ.ആര്‍ റഹ്‌മാന്‍, ഛായാഗ്രഹണം- രവി വര്‍മന്‍, കലാസംവിധാനം- തോട്ടാ ധരണി, വസീം ഖാന്‍, എഡിറ്റിങ്- ശ്രീകര്‍ പ്രസാദ്, സംഘട്ടനം-ശ്യാം കൗശല്‍, വസ്ത്രാലങ്കാരം- ഏക്ത ലഖാനി, നൃത്തസംവിധാനം- ബൃന്ദ മാസ്റ്റര്‍, പി.ആര്‍.ഒ- ജോണ്‍സണ്‍. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. മണിരത്‌നത്തിന്റെ സ്വപ്നപദ്ധതിയാണ് ഈ ചിത്രം.

പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി 1958-ല്‍ എം.ജി.ആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. . 2012-ല്‍ ഈ സിനിമയുടെ ജോലി മണിരത്‌നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി.

2015-ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.

Content Highlights: Ponniyin selvan, mani ratnam movie, Aishwarya Lekshmi, Aishwarya Rai Bachchan, Jayaram, Vikram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram